മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഹിന്ദുത്വത്തിന്റെ വ്യാഖ്യാതാവും ചിന്തകനും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന സ്വയംസേവകനുമായ മാധവ് ഗോവിന്ദ് വൈദ്യ (ബാബു റാവു വൈദ്യ) ഇന്ന് വൈകീട്ട് 3.35 ന് അന്തരിച്ചു. 97 വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി രോഗബാധിതനായിരുന്ന അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാഗ്പൂരിലെ അംബാഝാരി ഘട്ടില്‍ നാളെ രാവിലെ അന്തിമകര്‍മ്മങ്ങള്‍ നടക്കും.
മഹാരാഷ്ട്രയിലെ വര്‍ധ ജില്ലയിലെ തറോഡാ താലൂക്കില്‍ 1923 മാര്‍ച്ച് 11 ന് ജനിച്ച വൈദ്യാജി, ജീവിതത്തില്‍ നേടിയവയിലൊന്നും അനായാസമായിരുന്നില്ലെങ്കിലും അവയെല്ലാം തികച്ചും സഹജമായി സ്വായത്തമാക്കി.
തറോഡായില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും നാഗ്പൂരിലെ നീല്‍സിറ്റി ഹൈസ്‌ക്കൂളില്‍നിന്ന് സെക്കണ്ടറി വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. നാഗ്പൂരിലെ മോറിസ് കോളേജില്‍നിന്ന് ഫസ്റ്റ് ക്ലാസ്സോടെ ബിരുദ-ബിരുദാനന്തരപഠനം (ബിഎ, എംഎ) പൂര്‍ത്തിയാക്കിയ അദ്ദേഹം തുടര്‍ന്ന് അദ്ധ്യാപന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.
പ്രശസ്ത സംസ്‌കൃതഅദ്ധ്യാപകനായിരുന്ന അദ്ദേഹം തന്റെ അദ്വിതീയമായ അദ്ധ്യാപനശൈലി കൊണ്ടും വിഷയജ്ഞാനത്തിലെ ആധികാരികത കാരണമായും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാത്രമല്ല, വിരുദ്ധാശയഗതിക്കാരിലും പ്രിയങ്കരനായിരുന്നു. 1966 ല്‍ സംഘപദ്ധതിയനുസരിച്ച് ജോലി ഉപേക്ഷിച്ച് നാഗപ്പൂരിലെ ദിനപത്രമായ ‘തരുണ് ഭാരതി’ല്‍ ചേര്‍ന്നു. വാര്‍ത്തകള്‍ കണ്ടെത്തുന്നതിലെ തീക്ഷ്ണദൃഷ്ടി, ആഴത്തിലുള്ള ആശയവ്യക്തത എന്നിവയിലൂടെ പത്രപ്രവര്‍ത്തനമേഖലയിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു.
കാലക്രമത്തില്‍ പ്രസ്തുത പത്രത്തിന്റെ പ്രസാധകരായ നരകേസരി പ്രകാശന്റെ മുഖ്യചുമതല ഏറ്റെടുത്തു. പിന്നീട് പത്രപ്രവര്‍ത്തനത്തില്‍നിന്ന് രാജനൈതികരംഗത്തേയ്ക്ക് പ്രവേശിക്കാനുള്ള യോഗം അദ്ദേഹത്തിനുണ്ടായി. 1978 മുതല്‍ 84 വരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് സമിതിയിലേയ്ക്ക് അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.
രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ അഖില ഭാരതീയതലത്തില്‍ ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്, വക്താവ് എന്നീ ചുമതലകളും തുടര്‍ന്ന് 2008 വരെ അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ പ്രത്യേക ക്ഷണിതാവായും പ്രവര്‍ത്തിച്ചു.
സംഘാശയങ്ങള്‍, ആധികാരികപഠനങ്ങള്‍, ഇതര ആശയഗതികള്‍ എന്നിവയെ സംബന്ധിച്ച് അദ്ധ്യേതാക്കളുടെ സംശയദൂരീകരണത്തിന് എന്നും തത്പരനും സമീപിക്കാവുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹം. ആശയാടിത്തറയുറപ്പിക്കുവാനുതകുന്ന അനേകം ഗ്രന്ഥങ്ങളുടെ രചന അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്രസര്‍ക്കാറിന്റെ ‘മഹാകവി കാളിദാസ സംസ്‌കൃത സാധനാ പുരസ്‌കാരം’, രാഷ്ട്രസന്ത് തുക്‌ഡോജി മഹാരാജ് നാഗ്പൂര്‍ സര്‍വ്വകലാശാലയുടെ ‘രാഷ്ട്രസന്ത് തുക്‌ഡോജി ജീവന്‍ ഗൗരവ് പുരസ്‌ക്കാരം’ ഉള്‍പ്പെടെ ഒരു ഡസനോളം പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ, വിശ്വവിഭാഗ് സഹസംയോജക് ഡോ. രാംവൈദ്യ എന്നീ സംഘപ്രചാരകന്മാരും ധനഞ്ജയ് വൈദ്യ, ശ്രീനിവാസ് വൈദ്യ എന്നീ ആണ്‍മക്കളും ഗൈനക്കോളജിസ്റ്റ് ആയ ഡോ. പ്രതിഭാ വൈദ്യ എന്ന മകളുമാണ് അദ്ദേഹത്തിനുള്ളത്.
Discussion about this post