ആലപ്പുഴ : അയോധ്യ ക്ഷേത്ര നിര്‍മാണനിധി ശേഖരണം ഉദ്ഘാടനം ചെയ്തതില്‍ ഡിസിസി വൈസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവ് ആലപ്പുഴ ഡിസിസി നേതാവും പള്ളിപ്പുറം പട്ടാര്യ സമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപ്പിള്ള ഉദ്ഘാടനം ചെയ്തിരുന്നു. കടവില്‍ ശ്രീമഹാലക്ഷ്മി ക്ഷേത്രം മേല്‍ശാന്തി അനന്തപത്മനാഭന്‍ നമ്പൂതിരിക്ക് നിര്‍മാണനിധി നല്‍കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ രംഗത്ത് എത്തിയത്. കേരളത്തില്‍ ഒരു ഡിസിസി വൈസ് പ്രസിഡന്റ് ചെയ്യുന്നതിനുള്ള ആത്മവിശ്വാസം എവിടെനിന്നാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അനൂപ് വി.ആര്‍. ചോദിച്ചു. നേതൃത്വം വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ക്ഷേത്ര ഭാരവാഹികയെന്ന നിലയിലാണ് താന്‍ ഫണ്ട് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന് രഘുനാഥപ്പിള്ള വിശദീകരണം നല്‍കി. ക്ഷേത്രത്തിന്റെ മാനേജര്‍ കൂടിയാണ് താന്‍. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗം ആണ് തനിക്കെതിരെ ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post