തിരുവല്ല: ദേശീയതയുടെ യഥാര്‍ത്ഥ ശബ്ദമാണ് ജന്മഭൂമിയെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹ മന്ത്രി എല്‍.മുരുകന്‍ അഭിപ്രായപ്പെട്ടു. ജന്മഭൂമി ശബരിഗിരി (പത്തനംതിട്ട ) എഡിഷന്റെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, മണ്ഡലങ്ങളില്‍ ജന്മഭൂമി ചെലുത്തിയ സ്വാധീനം വലുതാണ്. ഉത്തരവാദിത്ത പത്രപ്രവര്‍ത്തനമാണ് ജന്മഭൂമി നിര്‍വഹിക്കുന്നത്. ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ അറിഞ്ഞത് ജന്മഭൂമിയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് സഹായകമാകുന്ന നിലപാടുകളാണ് സ്വീകരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കൈയച്ചാണ് സഹായിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് നടന്ന് കൊണ്ടുരിക്കുന്ന വാക്സിന്‍ ഡ്രൈവ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ പ്രക്രിയയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന യോഗത്തില്‍ ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ അധ്യക്ഷനായി. തുകലശ്ശേരി ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിര്‍വ്വിണ്ണാനന്ദ മഹാരാജ് ദീപം തെള്ിയിച്ചു. മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.പി.മോഹനചന്ദ്രന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന്‍ നായര്‍, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍. ഉമാകാന്തന്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. ശബരിഗിരി എഡിഷന്‍ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ കെ.ആര്‍.പ്രതാപചന്ദ്രവര്‍മ്മ സ്വാഗതവും യൂണിറ്റ് മാനേജര്‍ എ.സി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Discussion about this post