ന്യൂദല്‍ഹി: വരുമാന സ്രോതസ്സായി പെന്‍ഷനും പലിശയും മാത്രമുള്ള, 75 വയസ്സിനു മുകളിലുള്ളവരെ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നിര്‍ദ്ദിഷ്ട ബാങ്കില്‍ ഫയല്‍ ചെയ്യേണ്ട നിയമങ്ങളും പ്രഖ്യാപന ഫോമുകളും അറിയിച്ചിട്ടുണ്ട്. ബാങ്കുകള്‍ പെന്‍ഷനും പലിശ വരുമാനത്തിനും നികുതി കുറക്കുകയും അത് സര്‍ക്കാരില്‍ നിക്ഷേപിക്കുകയും ചെയ്യും. വ്യവസ്ഥകള്‍ ബാധകമാണ്.
കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ പ്രഖ്യാപനമാണ് നടപ്പാവുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍, 75 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാരുടെയും ഭാരം സര്‍ക്കാര്‍ കുറയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ ഇളവ് നല്‍കുന്നതിനായി ഒരു പുതിയ വകുപ്പ് ഉള്‍പ്പെടുത്താനും ബജറ്റ് നിര്‍ദ്ദേശിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാരെ നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല, മറിച്ച് വ്യവസ്ഥകള്‍ക്ക് അനുസൃതമായി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് മാത്രമാണ്. പെന്‍ഷന്‍ നിക്ഷേപിക്കുന്ന അതേ ബാങ്കില്‍ പലിശ വരുമാനം ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇളവ് ലഭിക്കുകയുള്ളൂ.
2020-21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി കോവിഡ് -19 കണക്കിലെടുത്ത് സപ്തംബര്‍ 30 വരെ നീട്ടി.
Discussion about this post