കൊച്ചി: ‘എന്റെ കൈവെട്ടിയവര്‍ ഇനി ഇവന്‍ എഴുതരുത് എന്ന ഉദ്ദേശം വെച്ചുകൊണ്ടാണ് അത് ചെയ്തത്. എന്നാല്‍ അതുവരെ എഴുത്തുകാരനല്ലാത്ത ഞാന്‍, എഴുത്തുകാരന്‍ ആവുന്ന അവസ്ഥയാണ് അതോടെ ഉണ്ടായത്. വലതുകൊണ്ട് എഴുതിയതിനേക്കാള്‍ കൂടുതല്‍ ഇടതുകൊണ്ട് എഴുതി. ഇപ്പോള്‍ വലതുകൈകൊണ്ട് മെസേജ് അയയ്ക്കാനും കമ്പ്യൂട്ടറിലെഴുതാനുമൊക്കെ കഴിയുന്നുണ്ട്. ഫലത്തില്‍ ഇപ്പോള്‍ ഇടതുകൈകൊണ്ടും വലതുകൈ കൊണ്ടും എഴുതാം’ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതിന്റെ മതഭീകരവാദികളുടെ ആക്രമണത്തിനിരയായ പ്രൊഫ.ടി.ജെ. ജോസഫ് പറഞ്ഞു. അധ്യാപക ദിനത്തില്‍ എസ്സന്‍സ് ഗ്ലോബല്‍ ക്ലബ് ഹൗസ് വഴി സംഘടിപ്പിച്ച ‘മതം നിര്‍മ്മിക്കുന്ന മുറിവുകള്‍’ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മുഹമ്മദിനെപ്പറ്റിയുള്ള ആ ചോദ്യപേപ്പര്‍ ഇട്ടതില്‍ എന്തെങ്കിലും പിശക് പറ്റിയതായി കരുതുന്നില്ലെന്ന് ജോസഫ് മാസ്റ്റര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ‘ആ ചോദ്യം ഇട്ടപ്പോള്‍ മുതല്‍ ഇന്നുവരെ ആ ചോദ്യത്തില്‍ ഒരു പിശകുമില്ല എന്ന് ഉറപ്പുള്ള വ്യക്തിയാണ് ഞാന്‍. പിശക് ഉണ്ട് എന്ന് പറയുന്നവര്‍ ആ ചോദ്യം മനസ്സിലാക്കാന്‍ ശ്രമിക്കാത്തവര്‍ ആണ്. എം. എ. ബേബി മഠയന്‍ എന്ന് വിളിച്ചതൊക്കെ ഞാന്‍ ഒരു തമാശയായേ എടുക്കുന്നുള്ളൂ. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടിട്ട് അത് പിന്തുടരുന്ന രീതിയാണ് ഭൂരിഭാഗം പേര്‍ക്കും ഉള്ളത്. വളരെ ആലോചിച്ചാണ് ആ ചോദ്യം തയ്യാറാക്കിയത്. അതില്‍ ഒരു പിശകുമില്ല എന്ന് മാത്രമല്ല, അത് എനിക്ക് ഏറ്റവും നന്നായിട്ട് ചെയ്യാവുന്ന ഒരു ചോദ്യമായിട്ടാണ് അത് ചെയ്തിരിക്കുന്നത്.
മുഹമ്മദ് എന്ന ഒരു പേര് ചേര്‍ത്തുകഴിഞ്ഞാല്‍ അത് മുഹമ്മ്ദ് നബിയെക്കുറിച്ചായിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല,ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കുള്ള പേരാണ് മുഹമ്മദ് എന്നത്. ആ പേര് ഒരു കഥാപാത്രത്തിന് ഇട്ടപ്പോള്‍, അത് മനപ്പൂര്‍വം നബിയെ കളിയാക്കാന്‍ പറഞ്ഞതാണ് എന്നാണ്, ഒരു വിഭാഗം പ്രചരിപ്പിച്ചത്. വെറും 32 കുട്ടികള്‍ക്ക് വേണ്ടി ഇട്ടുകൊടുത്ത ഒരു ചോദ്യം ഇത്രയും പ്രസിദ്ധമായത് ഇവര്‍ കാരണമാണ്. അവര്‍ക്ക് അതില്‍ യാതൊരു വിഷമവുമില്ല. അവര്‍ തന്നെ ലക്ഷക്കണക്കിന് കോപ്പിയടിച്ച് ഇത് കണ്ടോ, എന്ന് പറഞ്ഞ് വിതരണം ചെയ്തു. ശരിക്കും ഈ സംഭവത്തില്‍ ആരുടെയും മത വികാരമൊന്നും വ്രണപ്പെട്ടിട്ടില്ല. ചില മതഭ്രാന്തന്മാര്‍ക്ക് മാത്രമായിരുന്നു പ്രശ്നം. ഈ ശാസ്ത്രയുഗത്തിലും നൂറ്റാണ്ടുകള്‍ പിറകിലുള്ള മനസ്സുമായി നടക്കുന്നവര്‍. എനിക്ക് പലപ്പോഴും അവരോട് ദയയാണ് തോന്നിയത്. ജോസഫ് മാഷ് ചൂണ്ടിക്കാട്ടി.
അധ്യാപകര്‍ മതചിഹ്നങ്ങള്‍ അണിഞ്ഞുള്ള വേഷവുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.. പുരോഹിതന്റെയും കന്യാസ്ത്രീയുടെയുമൊക്കെ വേഷമിട്ട് സര്‍ക്കാര്‍ ശമ്പളം പറ്റി, മതേതര രാജ്യമായ ഭാരതത്തില ഒരു വിദ്യാലയത്തിലും, ആളുകള്‍ അധ്യാപകരായി വര്‍ത്തിക്കരുത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളും മതചിഹ്നങ്ങള്‍ അണിഞ്ഞുകൊണ്ട് പ്രവേശിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അച്ഛനമ്മാര്‍ വീടുകളില്‍നിന്ന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയ കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കാം. എന്നാല്‍ പക്ഷേ സ്ഥാപനങ്ങള്‍ വഴിയുള്ള മതപഠനത്തെ സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കരുത്.
മതപഠനത്തിനുവേണ്ടി സര്‍ക്കാര്‍ കൊടുക്കുന്ന പെന്‍ഷനും സാമ്പത്തിക സഹായങ്ങളും നിര്‍ത്തലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തക മനുജാമൈത്രി, പ്രഭാഷകനായ അനൂപ് ഐസക്ക്, എം. റിജു, രാകേഷ് എന്നിവര്‍ സംസാരിച്ചു.
നടപ്പായത് മത ശാസന- അനൂപ് ഐസക്ക്
വലതുകാലം ഇടതുകൈയും ഛേദിക്കണമെന്ന മതശാസനതന്നെയാണ് ജോസഫ് മാഷിന്റെ കാര്യത്തിലും നടപ്പായത് ചര്‍ച്ചയില്‍ പാനലിസ്റ്റായി പങ്കെടുത്ത അനൂപ് ഐസക്ക് ചൂണ്ടിക്കാട്ടി. സെക്യുലര്‍ എന്നാല്‍ മതസൗഹാര്‍ദമല്ല. എല്ലാമതങ്ങളും ശരിയെന്ന് പറയുന്ന പരിപാടിയല്ല ഇത്. ഒരു മതത്തിന് ഒരിക്കലും വേറൊരു മതം ശരിയാണെന്ന് പറയാന്‍ കഴിയില്ല. ബൈബിളില്‍പോലും പലയിടത്തും അന്യമത നിന്ദയുണ്ട്. നിങ്ങളില്‍ ആരെങ്കിലും വേറൊരു ദൈവത്തെ ആരാധിക്കയാണെങ്കില്‍ കല്ലെറിഞ്ഞ് കൊന്നുകളയാനാണ് ബൈബിള്‍ പറയുന്നത്. ഇതുതന്നെയാണ് ഇസ്ലാം അടക്കമുള്ള മറ്റ് പുസ്തകങ്ങളുടെയും ഗ്രന്ഥങ്ങളില്‍ പറയുന്നത്. വലതുകാലും ഇടതുകൈയും ഛേദിക്കണമെന്ന മതശാസനതന്നെയാണ് ജോസഫ് മാഷിന്റെ കാര്യത്തിലും നടപ്പായത്. ആ മതനിയമം ശ്രദ്ധയോടെ പഠിക്കാത്തതിനാലാണ് ജോസഫ് മാസ്റ്റര്‍ക്ക് ഒരു വെട്ട് അധികം എല്‍ക്കേണ്ടിവന്നത്. മറ്റൊരു മതത്തെ ആദരിക്കാനോ ബഹുമാനിക്കാനോ ഒരു സെമിറ്റിക്ക് മതം ഒരിക്കലും പറയുന്നില്ല- അനൂപ് ഐസക്ക് ചൂണ്ടിക്കാട്ടി.
സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തിലും- മനുജ മൈത്രി
പ്രത്യക്ഷമായും പരോക്ഷമായും മതത്തിന്റെ പിന്തുണ കിട്ടിയ സംഭവമായിരുന്നു കൈവെട്ട് കേസ് എന്ന് മനുജ മൈത്രി ചൂണ്ടിക്കാട്ടി. ‘ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോള്‍ ഈ നാട്ടിലെ ഇസ്ലാമിസ്റ്റുകളും, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രൊപ്പഗാന്‍ഡ മുന്നോട്ട് വെക്കുന്നവരും, പരോക്ഷമായി സന്തോഷിക്കുന്ന ഒരു അവസ്ഥയാണ് ഉണ്ടായത്. മതരാഷ്ട്രത്തിനും ജിഹാദിനും വേണ്ടിയൊക്കെ പ്രവര്‍ത്തിക്കുക എന്നത് ഈ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. അഫ്ഗാന്‍ താലിബാന്‍ പിടിച്ചപ്പോള്‍ അതിനെ ന്യായീകരിച്ചുകൊണ്ടുള്ള എത്രയോ ഫേസ്ബുക്ക് പോസ്റ്റുകള്‍ നാം കണ്ടു. കേരളത്തിലും സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ട്. പൊട്ടന്‍ഷ്യല്‍ ജിഹാദികള്‍ ഇവിടെയുമുണ്ട്. മതം പറയാത്ത എന്തെങ്കിലും ഒരു കാര്യം താലിബാനികള്‍ ചെയ്യുന്നുണ്ടോ? ഇവിടെ ജോസഫ് മാഷിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് എം.എം. അക്ബറിനെപ്പോലുള്ള ഏതെങ്കിലും മതപണ്ഡിതര്‍ വന്നോ? ഇത് കഴിഞ്ഞ് ഈ കേസിലെ പ്രതിയായ ഒരാള്‍ തൊട്ടടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിന് ജയിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് അവര്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകനായ എം റിജു ചര്‍ച്ചയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് പങ്കെടുത്തു. രാകേഷ് മോഡറേറ്ററായിരുന്നു.
Discussion about this post