കോഴിക്കോട്: മാര്‍ക്‌സിയന്‍ രീതിശാസ്ത്രമനുസരിച്ച് മാപ്പിള ലഹളയെ വിലയിരുത്തുകയും വ്യാഖാനിക്കുകയും ചെയ്തതു കൊണ്ടാണ് അത്തരം ചരിത്ര പഠനങ്ങള്‍ വിലക്ഷണവും സത്യവിരുദ്ധവുമായതെന്ന് ഡോ. വി.കെ. ദീപേഷ് പറഞ്ഞു. 1921 പാഠവും പൊരുളുമെന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ് ഗവേഷകനായ ഡോ. വി.കെ. ദീപേഷ്. ചരിത്രസംഭവത്തെ മാര്‍ക്‌സിയന്‍ രീതിശാസ്ത്രത്തിനുള്ളിലേക്ക് വാര്‍ത്തെടുക്കുകയാണ് ഇതിലൂടെ ചെയ്തത്. എന്നാല്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയും അവരുടെ വീക്ഷണത്തില്‍ ചരിത്രത്തെ അവതരിപ്പിക്കുകയും സംഭവങ്ങളുടെ യഥാര്‍ഥ പഠനത്തിലൂടെ രീതിശാസ്ത്രം രൂപപ്പെടുത്തുകയുമാണ് 1921 പാഠവും പൊരുളുമെന്ന പുസ്തകത്തിലൂടെ ചെയ്തത്.
ചൂഷകരും ചൂഷിതരും എന്ന ദ്വന്ദമാണ് മാര്‍ക്‌സിയന്‍ രീതിശാസ്ത്രത്തിന്റെ ശൈലി. ഇന്ത്യന്‍ കലാപത്തെ ഇതനുസരിച്ച് വിലയിരുത്താനാവില്ല. വംശീയ ജീവിത സാഹചര്യത്തെയോ കാലപത്തെയോ ഉള്‍ക്കൊള്ളാന്‍ ഇതിനാവില്ല. ദ്വന്ദങ്ങള്‍ വെച്ച് അളക്കാത്ത ഒരു പഠനമാണ് 1921 പാഠവും പൊരുളുമെന്ന പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. കലാപമെന്തെന്ന് ശരിയായി വിലയിരുത്താന്‍ ഇതിലൂടെ കഴിഞ്ഞു. പ്രഭുത്വ വാഴ്ചയ്‌ക്കെതിരായ കലാപമെന്നാണ് മാര്‍ക്‌സിയന്‍ ചരിത്രകാരനായ കെ.എന്‍. പണിക്കര്‍ ലഹളയെ വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍ നൂറ് കണക്കിന് ദളിതര്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യ സമര സേനാനികള്‍, അവരുടെ വീടുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. മാര്‍ക്‌സിയന്‍ രീതിശാസ്ത്രമനുസരിച്ച് ഇത്തരം സംഭവങ്ങളൊക്കെ വെട്ടിമാറ്റി ചരിത്ര സംഭവത്തെ മാര്‍ക്‌സിയന്‍ അച്ചിലേക്ക് വാര്‍ത്തെടുക്കുകയായിരുന്നു ഇത്തരം ചരിത്രകാരന്മാര്‍ ചെയ്തത്. ഇതോടെ ഈ പഠനങ്ങള്‍ വിലക്ഷണവും സത്യവിരുദ്ധവുമായി മാറി. 1920-ല്‍ വളരെ കുറച്ച് കാലം മാത്രമാണ് ഖിലാഫത്ത് പ്രക്ഷോഭം അഹിംസാത്മകമായി നടന്നത്. പിന്നീട് വളരെ വേഗം അത് വംശീയ അക്രമമായി മാറുകയായിരുന്നു. ബ്രിട്ടീഷുകാരേക്കാള്‍ ആക്രമിക്കപ്പെട്ടത് ചൂഷണം ചെയ്യപ്പെടുന്ന പിന്നാക്ക വിഭാഗമായ തദ്ദേശീയ ജനവിഭാഗങ്ങളായിരുന്നു.
മാപ്പിള ലഹള കാലത്ത് കലാപകാരികളില്‍ നിന്നും വേറിട്ട് നിന്ന മുസ്ലിം ധാരയെ ചരിത്രകാരന്മാര്‍ തമസ്‌കരിക്കുകയായിരുന്നു. കൊണ്ടോട്ടി തങ്ങള്‍മാരുടെ ധാരയിലുള്ളവര്‍ കലാപത്തിനെതിരെ നിലകൊണ്ടവരായിരുന്നു. മുസ്ലിം സമൂഹത്തിലെ പൊന്നാനി, കൊണ്ടോട്ടി ധാരകളില്‍, കൊണ്ടോട്ടി ധാരയെ അനിസ്ലാമികമെന്ന് ഫത്വ പുറപ്പെടുവിച്ച് അകറ്റി നിര്‍ത്തുകയായിരുന്നു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കൊണ്ടോട്ടി തങ്ങളെ ലഹളയിലേക്ക് നേരിട്ട് വന്ന് ക്ഷണിച്ചെങ്കിലും അസന്നിഗ്ദ്ധമായി കലാപത്തിന് ഞങ്ങളില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ലഹളയുടെ ഒരു ഘട്ടത്തില്‍ കൊണ്ടോട്ടി അക്രമിക്കപ്പെടുകയും ചെയ്തു. നിരവധി പാട്ടുകളിലും ചരിത്ര രേഖകളിലും ദൃക്‌സാക്ഷിവിവരണങ്ങളിലും ബ്രിട്ടീഷ് രേഖകളിലും കൊണ്ടോട്ടി തങ്ങളുടെ സമീപനം വ്യക്തമാകുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
Discussion about this post