ചണ്ഡിഗഡ്: മയക്കുമരുന്നു ജിഹാദിന്റെ ഭാഗമായി പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടത്തുകാരന്റെ കുറ്റസമ്മതം ചർച്ചയാകുന്നു.
2016 ജൂണിലാണ് പഞ്ചാബ് പോലീസ് റംസാൻ(32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പോലീസും അതിർത്തി രക്ഷാ സേനയും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇയാൾ നടത്തിയത്. ദ ട്രിബ്യൂൺ എന്ന ഇംഗ്ലീഷ് പത്രം ചിത്രം സഹിതം ഇതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2016 ജൂൺ 13നാണ് റംസാനെ മയക്കുമരുന്നുമായി ഫസിൽക ജില്ലയിലെ സോവാന അതിർത്തി ഔട്ട്പോസ്റ്റിൽനിന്നു പിടിച്ചത്.
ലക്ഷ്യം യുവതലമുറ
ഇന്ത്യയിലെ യുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൻ തോതിൽ മയക്കുമരുന്ന് ഇവിടേക്ക് ഇറക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പഞ്ചാബ് പോലീസിനോടു വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇങ്ങനെ മയക്കുമരുന്നു കടത്തുന്ന റംസാനെപ്പോലെയുള്ളവർക്ക് അഞ്ചു ലക്ഷം രൂപയാണ് ഒരു ഒാപ്പറേഷനു പ്രതിഫലമായി ലഭിക്കുന്നതെന്ന് ഫസിൽക ജില്ലാ പോലീസ് എസ്എസ്പി നരേന്ദ്ര ഭാർഗവ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നതു ജിഹാദിന്റെ ഭാഗമാണെന്നു പറഞ്ഞു പഠിപ്പിച്ചതാണ് തന്നെ ഇതിന്റെ ഭാഗമാക്കിയതെന്നു റംസാൻ വെളിപ്പെടുത്തിയെന്നും നരേന്ദ്ര ഭാർഗവ പറഞ്ഞു.
മാസത്തിൽ രണ്ടു തവണ
ഒരു ഫാമിലെ തൊഴിലാളിയായിരുന്നു നാലു പെൺകുട്ടികളുടെ പിതാവായ റംസാൻ. ഷൗക്കത്ത്, സുലേമാൻ എന്നിവർക്കൊപ്പമാണ് ഇയാൾ ഇന്ത്യയിലേക്കു മയക്കുമരുന്നു കള്ളക്കടത്തിന് എത്തിയത്.
എന്നാൽ, മറ്റവർ രണ്ടു പേരും ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും വെടിയേറ്റു മരിച്ചു. മാസത്തിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ ഹെറോയിൻ വൻതോതിൽ ഇന്ത്യയിലേക്കു കടത്തുകയായിരുന്നു ഇവരുടെ രീതി.
ഇതിൽ വെടിയേറ്റു മരിച്ച ഷൗക്കത്ത് 30 ഏക്കറോളം ഭൂമിയുടെ ഉടമയായിരുന്നു. ഇയാൾക്ക് പഞ്ചാബ്, രാജസ്ഥാൻ, കാഷ്മീർ മേഖലകളിലേക്കു എളുപ്പത്തിൽ കടക്കാനുള്ള പല പാതകളെക്കുറിച്ചും അറിവുണ്ടായിരുന്നു. മയക്കുമരുന്നു കടത്തിൽ ആദ്യമായിട്ടാണ് ഒരു പാക്കിസ്ഥാനി കള്ളക്കടത്തുകാരനെ ജീവനോടെ പിടിക്കുന്നതെന്നു പോലീസ് പറഞ്ഞു.
മയക്കുമരുന്നു കടത്ത് ഇന്ത്യയിലേക്കു വ്യാപകമായെന്ന തിരിച്ചറിവുണ്ടായ 2014 മുതൽ ലഹരികടത്തു തടയാൻ പ്രത്യേക പട്രോളിംഗും പരിശോധനയും അതിർത്തിയിൽ വ്യാപകമാക്കിയിരുന്നു. എങ്കിലും ഊടുവഴികളിലൂടെ ഇത്തരം സംഘങ്ങൾ കടന്നുകയറുന്നുണ്ടായിരുന്നു. 2014 മുതൽ 2018 വരെയുള്ള കാലയളവിൽ ബിഎസ്എഫിന്റെ വെടിയേറ്റ് 19 കള്ളക്കടത്തുകാർ അതിർത്തിയിൽ കൊല്ലപ്പെട്ടു.
പാക് ചാരസംഘടനയായ ഐഎസ്ഐ അടക്കമുള്ള സംഘടനകളുടെ പിന്തുണയോടെയാണ് ഇത്തരം നാർക്കോട്ടിക് ജിഹാദ് നടക്കുന്നതെന്നും കടത്തുകാർക്ക് ആയുധങ്ങൾ അടക്കമുള്ളവ ഇവരാണ് നൽകുന്നതെന്നും പോലീസ് വെളിപ്പെടുത്തിയതായി ദ ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസി ഇതിനെതിരേ ജാഗ്രത പാലിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post