ന്യൂദല്‍ഹി: താലിബാനെ പങ്കെടുപ്പിക്കണമെന്ന പാകിസ്ഥാന്റെ പിടിവാശി മൂലം ന്യൂയോര്‍ക്കില്‍ ശനിയാഴ്ച നടത്താനിരുന്ന സൗത്ത് സാര്‍ക്ക് വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. സാര്‍ക്ക് മീറ്റിംഗില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാന്‍ വേണമെന്നാണ് പാകിസ്ഥാന്റെ വാദം. ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങള്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തു.
ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍പ്പെട്ടവരാണ് താലിബാന്റെ ഉന്നത കാബിനറ്റ് മന്ത്രിമാരടക്കമുള്ളവര്‍. കാബൂളിലെ പുതിയ ഭരണകൂടത്തെ തിരിച്ചറിയാത്തവരോ പ്രോത്സാഹിപ്പിക്കുന്നവരോ ആണ് താലിബാന് മാന്യത നല്‍കാന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യയും മറ്റ് രാജ്യങ്ങളും ചൂണ്ടിക്കാട്ടുന്നു.
താലിബാന്റെ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിക്ക് യുഎന്‍ അനുബന്ധയോഗങ്ങളിലും വിലക്ക് പ്രഖ്യാപിച്ചേക്കും. അഫ്ഗാനിസ്ഥാനിലെ ഭരണത്തെ അംഗീകരിക്കാന്‍ തീരുമാനിക്കുംമുമ്പ് ലോകം പലതവണ ചിന്തിക്കേണ്ടിവരുമെന്ന് കഴിഞ്ഞയാഴ്ച നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നീ എട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്.
Discussion about this post