വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ചൈനയും പാകിസ്ഥാന്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് പരോക്ഷ വിമര്‍ശനമുയര്‍ത്തി ഐക്യരാഷ്ട്രസഭാ അഭിസംബോധനയില്‍ മോദി പറഞ്ഞു: ‘തീവ്രവാദത്തെ ആയുധമാക്കുന്ന രാജ്യങ്ങള്‍ അത് അവര്‍ക്കും തുല്യഅളവില്‍ ഭീഷണിയാണെന്നത് തിരിച്ചറിയണം’.
76ാമത് ഐക്യരാഷ്ട്രസഭ പൊതുയോഗത്തില്‍ ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ തീവ്രവാദത്തിനെയും ചില രാജ്യങ്ങളുടെ സാമ്രാജ്യത്വവികസനമോഹത്തെയും കടുത്ത ഭാഷയില്‍ നരേന്ദ്രമോദി വിമര്‍ശിച്ചു. ചൈനയുടെ സാമ്രാജ്യത്വവികസനമോഹത്തെയും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെയും പാകിസ്ഥാനെയും പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മോദി.
തീവ്രവാദവും പിന്തിരിപ്പന്‍ ചിന്താഗതികളും ലോകത്ത് വളരുകയാണെന്നും വികസനത്തിന്‍റെ അടിത്തറ പുരോഗമന ചിന്താഗതിയാക്കി മാറ്റുക മാത്രമാണ് ഇതിന് പോംവഴിയെന്നും മോദി പറഞ്ഞു.
അഫ്ഗാനിസ്ഥാനെക്കുറിച്ചും അദ്ദേഹം ചില സൂചനകള്‍ നല്‍കി. ‘അഫ്ഗാനിസ്ഥാന്‍റെ മണ്ണ് ഒരിക്കലും തീവ്രവാദം പരത്താനുള്ള കേന്ദ്രമായി മാറരുത്. ഈ സമയത്ത് അഫ്ഗാനിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായം വേണം. അവര്‍ക്ക് സഹായം നല#്കിയ നമ്മള്‍ കടമ നിര്‍വ്വഹിക്കണം,’ മോദി നിര്‍ദേശിച്ചു.
ഐക്യരാഷ്ട്രസഭയുടെ പരിമിതികളെയും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടാന്‍ മറന്നില്ല. ‘ശരിയായ സമയത്ത് ശരിയായ പ്രവൃത്തി’ എന്ന ഭാരതീയ രാഷ്ട്രതന്ത്രജ്ഞനായ ചാണക്യന്‍റെ ചിന്തയെ ഉദ്ധരിച്ച് മോദി പറഞ്ഞു: ‘ഐക്യരാഷ്ട്രസഭ അവരുടെ വിശ്വാസ്യതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനം, കോവിഡ് മഹാമാരി, തീവ്രവാദം, അഫ്ഗാന്‍ പ്രതിസന്ധി എന്നീ ഘട്ടങ്ങളില്‍ നമ്മള്‍ ഇത് കണ്ടതാണ്,’ അദ്ദേഹം പറഞ്ഞു.
രവീന്ദ്രനാഥ ടാഗൂറിന്‍റെ വരികള്‍ ഉദ്ധരിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്: ‘നിങ്ങളുടെ പാതയില്‍ നിര്‍ഭയം സഞ്ചരിച്ചാല്‍, നിങ്ങള്‍ക്ക് ഒരു പക്ഷെ ദൗര്‍ബല്യങ്ങളെയും സംശയങ്ങളെയും ദൂരീകരിക്കാന്‍ കഴിഞ്ഞേക്കും’.
Discussion about this post