ഗുവാഹതി: സിപജ്ഹറില്‍ പോലീസിനെതിരെ നടന്നത് ക്രൂരമായ അതിക്രമം. പോപ്പുലര്‍ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസിനെതിരെ അക്രമം അഴിച്ചുവിട്ടത്. ഒന്‍പത് പോലീസ് ഉദ്യോഗസ്ഥരാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അക്രമത്തിലെ പോപ്പുലര്‍ഫ്രണ്ടിന്റെ പങ്കാളിത്തം തെളിയിക്കുന്ന രേഖകള്‍ ആസം സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറി. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കണമെന്നും ആസം മുഖ്യമന്ത്രി ആവശ്യമുന്നയിച്ചിട്ടുണ്ട്.
അനധികൃത സ്വത്ത് ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന വാഗ്ദാനത്തിന് പകരമായി, കഴിഞ്ഞ 3 മാസത്തിനകം കൈയേറ്റക്കാരില്‍ നിന്ന് 28 ലക്ഷം രൂപ പോപ്പുലര്‍ഫ്രണ്ട് വാങ്ങിയെന്ന് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചു. ഒഴിപ്പിക്കല്‍ തടയുന്നതില്‍ പരാജയപ്പെട്ടപ്പോഴാണ് പോലീസിനെതിരെ അക്രമം ആരംഭിച്ചതെന്ന് ഹിമന്ദ് ബിശ്വ ശര്‍മ്മ പറഞ്ഞു.
അറുപത് കുടുംബങ്ങളെയാണ് സിപജ്ഹറില്‍ നിന്ന് ഒഴിപ്പിക്കേണ്ടത്. എന്നാല്‍ ഒഴിപ്പിക്കല്‍ തടയാനെന്ന പേരില്‍ അവിടെ തടിച്ചുകൂടിയത് പതിനായിരത്തിലധികം പേരാണ്. ആസാമിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ആധിപത്യം ചെലുത്താനും ജനസംഖ്യാവിസ്‌ഫോടനത്തിന് വഴിയൊരുക്കാനും ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കശ്മീരിലും മറ്റും പരീക്ഷിച്ചതിന് സമാനമായി സിപജ്ഹര്‍ പിടിച്ചെടുത്ത് അരാജകത്വം സൃഷ്ടിക്കാനാണ് പോപ്പുലര്‍ഫ്രണ്ടിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഡാരംഗ് ജില്ലയിലെ ധോല്‍പൂരില്‍ ആധിപത്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വര്‍ഷങ്ങളായി കയ്യേറിയ ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ജനക്കൂട്ടത്തെ ഇളക്കിവിട്ട് പോലീസിനെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നത്. അക്രമത്തിന് സൂത്രധാരന്മാരായവരെ കണ്ടെത്തിയിട്ടുണ്ട്. ഒരു കോളേജ് അധ്യാപകനടക്കം ആറംഗ സംഭവമാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് അരാജകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഓള്‍ അസം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയനുമായി രണ്ട് തവണ ചര്‍ച്ച നടത്തി. ഡാരംഗിലെ ഡെപ്യൂട്ടി കമ്മീഷണറും വിദ്യാര്‍ത്ഥിയൂണിയന്‍ നേതാക്കളും പലതവണ അവിടെ പോയിട്ടുണ്ട്. കയ്യേറ്റക്കാര്‍ ഭൂരഹിതരല്ല. സംസ്ഥാനത്തിന്റെ പലഭാഗത്തായി ഭൂമിയും വീടുമുള്ള ആളുകളാണ് ഇവരെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതിനിടെ 26 വൈഷ്ണവ മഠങ്ങള്‍ നുഴഞ്ഞുകയറ്റക്കാര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ആസമിലെ 4 ലക്ഷം ഹെക്ടര്‍ വനപ്രദേശം ഇക്കൂട്ടര്‍ കൈയേറിയെന്ന് വിവരാവകാശ രേഖ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ മൊത്തം വനമേഖലയുടെ 22 ശതമാനവും ഇവരുടെ കൈയിലാണെന്നത് ആശങ്ക ഉണര്‍ത്തുന്നതാണ്. അസമിലെ 33 ജില്ലകളില്‍ 15 ലും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ ആധിപത്യം പുലര്‍ത്തുകയും ഇവിടങ്ങളില്‍ നിയമവിരുദ്ധമായി ഗ്രാമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post