അഗര്‍ത്തല: കോടതി അലക്ഷ്യനടപടികളെ ഭയക്കാതെ ജനങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ ത്രിപുര മുഖ്യമന്ത്രി വിപ്ലബ് ദേബ് കുമാറിന്റെ ആഹ്വാനം. ചീഫ് സെക്രട്ടറി തലത്തിലുള്ളവര്‍ വരെ ജനങ്ങള്‍ക്ക് നീതി വൈകിക്കുന്നതിന് കാരണമായി കോടതി ഉത്തരവുകളെ ചൂണ്ടിക്കാട്ടുന്ന പ്രവണത നല്ലതല്ല. ജനങ്ങളുടേതാണ് സര്‍ക്കാരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ത്രിപുര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ 26-മത് ദ്വിവത്സര കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യുകയായിരുന്നു വിപ്ലബ് ദേബ്.
കോടതി നടപടികളും സാങ്കേതിക നൂലാമാലകളും ഉയര്‍ത്തി ജനങ്ങള്‍ക്ക് കിട്ടേണ്ടുന്ന ഭരണപരമായ ആനുകൂല്യങ്ങള്‍ തടസ്സപ്പെടുത്തുകയല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ജനങ്ങള്‍ക്ക് വേണ്ടിയാണ് കോടതി. കോടതിക്ക് വേണ്ടിയല്ല ജനങ്ങളെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. കാബിനറ്റ് തീരുമാനങ്ങള്‍ പോലും നടപ്പാക്കാന്‍ ചിലര്‍ തടസ്സം നില്‍ക്കുകയാണ്. ത്രിപുരയുടെ മുന്‍ ചീഫ് സെക്രട്ടറി ഇതൊന്നും നടപ്പാവില്ലെന്ന് പറഞ്ഞയാളാണ്. എല്ലാ കാര്യത്തിനും അദ്ദേഹം കോടതി അലക്ഷ്യമെന്ന വാളെടുത്ത് കാട്ടും. പക്ഷേ മന്ത്രിസഭാ തീരുമാനമാണ്. നടപ്പായേ പറ്റൂ എന്ന് ഞാനും അദ്ദേഹത്തോട് പറഞ്ഞു.
കോടതി അലക്ഷ്യ നടപടികള്‍ ഒരു കടുവയെപ്പോലെ അവരെ പിന്‍തുടര്‍ന്ന് പിടിക്കുമെന്നാണ് ഈ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഭയക്കുന്നത്. റിട്ടയര്‍മെന്റ് കാലത്ത് പോലും പിന്നാലെ വരുമത്രെ. അത്തരം ഉദ്യോഗസ്ഥര്‍ മനസ്സിലാക്കേണ്ടത്, സര്‍ക്കാരിനെ നയിക്കാന്‍ ജനങ്ങള്‍ ചുമതലയേല്‍പിച്ച ഞാനും ഒരു കടുവയാണെന്നാണ്. മുന്‍ ചീഫ് സെക്രട്ടറി എന്നോട് പറഞ്ഞത് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കിയാല്‍ കോടതി അലക്ഷ്യത്തിന് അദ്ദേഹം ജയിലില്‍ പോകേണ്ടി വരുമെന്നാണ്. അദ്ദേഹത്തിന് മാന്യമായ യാത്രയയപ്പ് നല്‍കി വിടുകയല്ലാതെ മറ്റെന്ത് ചെയ്യും? ‘ വിപ്ലബ് ദേബ് പറഞ്ഞു.
നിയമനിര്‍മ്മാണസഭകള്‍ രൂപം നല്‍കുന്ന നിയമങ്ങള്‍ കൃത്യമായി നടപ്പാക്കുകയാണ് കോടതികളുടെ ദൗത്യമെന്ന് മുന്‍ ലോക്‌സഭാസ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post