ശ്രീനഗര്‍: വ്യവസ്ഥാപരിവര്‍ത്തനത്തിനൊത്ത് സമാജപരിവര്‍ത്തനം സാധ്യമാക്കേണ്ടതിന്റെ ചുമതല ജമ്മു കശ്മീരിലെ പ്രബുദ്ധ ജനത ഏറ്റെടുക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. 370-ാം വകുപ്പ് എടുത്തു കളഞ്ഞ നടപടി ഒരു വ്യവസ്ഥാപരിവര്‍ത്തനമാണ്. ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രക്ഷോഭത്തിന്റെയും ബലിദാനത്തിന്റെയും സാഫല്യമാണ് അത്. പക്ഷേ വകുപ്പ് മാറിയതുകൊണ്ട് മാത്രം കാര്യമില്ല, അത് നടപ്പാക്കുന്നത് വ്യക്തിയാണെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തി സമൂഹത്തിന്റെ പ്രതിനിധിയാണ്. നമ്മളെങ്ങനെയോ അങ്ങനെയാവും നേതാവും. അതുകൊണ്ട് സമൂഹവും മാറണമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു സര്‍വകലാശാലയില്‍ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാജമെന്നത് ഒരു ആള്‍ക്കൂട്ടമോ ഗണിത ശാസ്ത്രത്തില്‍ പറയുന്ന ഗണമോ അല്ല. സമാനമായ ലക്ഷ്യത്തോടെയുള്ള ഒത്തുചേരലാണത്. പുരുഷാര്‍ത്ഥപൂര്‍ത്തീകരണമാണ് ഭാരതീയസമാജത്തിന്റെ ലക്ഷ്യം. മറ്റ് രാജ്യങ്ങള്‍ അങ്ങനെയല്ല. അവര്‍ അതിജീവനത്തിനായുള്ള പോരാട്ടമാണ് ലക്ഷ്യമാക്കുന്നത്. അവരുടെ കാഴ്ചപ്പാടില്‍ മനുഷ്യന്‍ പ്രപഞ്ച സൃഷ്ടിയിലെ ഏറ്റവും അശക്തനായ പ്രാണിയാണ്. സമൂഹത്തിലാണ് അവന്‍ സുരക്ഷിതത്വം കണ്ടെത്തിയത്. രാജാവ്, ആചാര്യന്‍, മതം, വിശുദ്ധ ഗ്രന്ഥം തുടങ്ങി പലതും അതിന് വേണ്ടി ഉണ്ടായതാണ്. രാജാവാണോ പുരോഹിതനാണോ പരമാധികാരി എന്ന തര്‍ക്കം പിന്നീട് ഉടലെടുത്തു. അതേത്തുടര്‍ന്ന് സംഘര്‍ഷം സര്‍വത്ര വ്യാപിച്ചു.
അതേസമയം ധര്‍മ്മത്താല്‍ നിയന്ത്രിതമായ സമാജ നിര്‍മ്മിതിയാണ് നമ്മുടേത്. അതിന്റെ ലക്ഷ്യം വിശ്വ മംഗളമാണെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. ഭാരതം എന്ന രാഷ്ട്രം രൂപം കൊണ്ടതുതന്നെ വിശ്വമംഗളത്തിന് വേണ്ടിയാണ്. സര്‍വോപരി രാഷ്ട്രം എന്നതാകണം നമ്മുടെ ഭാവം. മുഴുവന്‍ ലോകത്തിന്റെയും നന്മയ്ക്ക് വേണ്ടിയാണ് ഈ രാഷ്ട്രം നിലനില്‍ക്കേണ്ടത്. കൃത്രിമമായി സൃഷ്ടിക്കുന്ന രാഷ്ട്രങ്ങള്‍ നിലനില്‍ക്കില്ല. ഭാഷയുടെ അപ്രമാദിത്തമാണ് യുണൈറ്റഡ് കിങ്ഡത്തിന്റെ അടിസ്ഥാനം. ഭാഷ തകര്‍ന്നാല്‍ യുണൈറ്റഡ് അല്ലാതാകും. സമ്പത്താണ് യുണൈറ്റഡ് സ്റ്റേറ്റ്‌സിന് ആധാരം. മതമാണ് അറബ് രാഷ്ട്രങ്ങളുടെ ആധാരം. സോഷ്യലിസം മുന്‍ നിര്‍ത്തി രൂപംകൊണ്ട യുഎസ്എസ്ആര്‍ തകര്‍ന്നുപോയ ചിത്രം നമ്മുടെ മുന്നിലുണ്ട്.
വ്യക്തികളെ കുടുംബമെന്ന നിലയില്‍ കൂട്ടിയിണക്കുന്നത് രക്ത ബന്ധമാണ്. വ്യക്തി എന്ന നിലയില്‍ മകനും അച്ഛനും അമ്മയുമൊക്കെ വ്യത്യസ്തരാണ്. എന്നാല്‍ അവര്‍ ഒന്നാണ്. രക്തബന്ധം അവരെ ഒന്നാക്കുന്നത് പോലെ പവിത്രമായ ഈ സംസ്‌കൃതി നമ്മുടെ മുഴുവന്‍ രാഷ്ട്രത്തെയും ഒന്നാക്കുന്നു. ഭാഷയിലും ആഹാരത്തിലും ആകാരത്തിലുമെല്ലാം നമ്മളില്‍ വ്യത്യസ്തതകളുണ്ടാകാം, പക്ഷേ നമ്മളൊരു രാഷ്ട്രമാണെന്ന ബോധം സമാജത്തെ നയിക്കണം. സുരക്ഷിതവും സുസ്ഥിരവും സമര്‍ത്ഥവുമായ ഒരു രാഷ്ട്ര ജീവിതത്തിലേക്കും അതുവഴി മാനവതയിലധിഷ്ഠിതമായ വിശ്വ നിര്‍മ്മിതിയിലേക്കും സമാജത്തെ നയിക്കുക എന്നതാകണം പ്രബുദ്ധ ജനതയുടെ ദൗത്യമെന്ന് സര്‍ സംഘചാലക് പറഞ്ഞു.
ജനറല്‍ സോരാവര്‍ സിങ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രോഹ്തക് ഹിന്ദു കോളേജ് പ്രൊഫസറും ആര്‍എസ്എസ് ഉത്തര ക്ഷേത്ര സംഘചാലകുമായ പ്രൊഫ. സീതാറാം വ്യാസ്, ജമ്മു ദന്തല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗൗതം മാംഗി, ആര്‍ എസ് എസ് ജമ്മു പ്രാന്ത കാര്യവാഹ് ഡോ. വിക്രാന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post