തിരുവനന്തപുരം: ലോകബഹിരാകാശ വാരാചരണം ഇന്നുമുതൽ ആരംഭിക്കും. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ തിരുവനന്തപുരത്തെ ഇസ്രോ(ഐ.എസ്.ആർ.ഒ)യിൽ നടക്കുന്ന ചടങ്ങുകൾ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഉദ്ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ വിക്രം സാരാഭായ് സ്‌പേസ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, ഐ.എസ്.ആർ.ഒ ഇനേർഷ്യൻ സിസ്റ്റംസ് യൂണിറ്റ് എന്നിവർ സംയുക്തമായിട്ടാണ് നടത്തുന്നത്. വി.എസ്.എസ്.സി മേധാവി എസ്. സോമനാഥ് അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ ശാസ്ത്രജ്ഞരായ ഡോ.വി.നാരായണൻ, ഡോ.ഡി സാം ദയാലാ ദേവ്, ഡോ. ബിജു ജേക്കബ് എന്നിവർ ആശംസകൾ നേരും.
ബഹിരാകാശത്തെ സത്രീ സാന്നിദ്ധ്യം എന്നതാണ് ഇത്തവണത്തെ വാരാചരണത്തിലെ പ്രതിപാദ്യവിഷയം. ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ ഫെഡറേഷന്റെ പ്രസിഡന്റും ഇന്റർനാഷണൽ സ്‌പേസ് യൂണിവേഴ്‌സിറ്റി പ്രസിഡഡന്റും ജർമ്മൻ ശാസ്ത്രജ്ഞനുമായ പ്രൊഫ. പാസ്‌കാൾ ഇറേൻ ഫ്രറന്റ് മുഖ്യപ്രഭാഷണം നടത്തും.
ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ചിത്രരചന, ക്വിസ്, പ്രസംഗ മത്സരം, ആസ്‌ട്രോ ഫോട്ടോഗ്രഫി, സ്‌പേസ് ഹാബിറ്റാറ്റ് എന്നീ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. ബഹിരാകാശ ശാസ്ത്രത്തെ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സ്റ്റുഡന്റ് ഔട്ട്‌റീച്ച് പ്രോഗ്രാം, പൊതുജനങ്ങൾക്കായി വെർച്വൽ ഓപ്പൺ ഹൗസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഇസ്രോ അറിയിച്ചു.
Discussion about this post