കോഴിക്കോട്: ‘കേരളം കേളപ്പജിയിലേക്ക്’ എന്ന സന്ദേശവുമായി സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ ഒക്‌ടോബര്‍ ഏഴിന് കേളപ്പജി സ്മൃതി സദസ്സ് ചേരും. സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ ആറിന് വൈകിട്ട് 5.30 ന് കോഴിക്കോട്ട് കേസരിഭവനിലാണ്. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. കേളപ്പജിയുടെ ചെറുമകന്‍ നന്ദകുമാര്‍ മൂടാടി അദ്ധ്യക്ഷനാകും. കെ. മാധവന്‍ നായരുടെ ചെറുമകള്‍ പി. സിന്ധു, സര്‍വോദയ പ്രവര്‍ത്തകരായ ടി. ബാലകൃഷ്ണന്‍, കെ.വി. കൃഷ്ണന്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ ഇ. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏഴിന് കാലത്ത് സംസ്ഥാനത്തെ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് കേളപ്പജി സ്മൃതിസദസുകള്‍ ചേരുന്നത്. കേളപ്പജിയുടെ അമ്പതാം ഓര്‍മ്മനാളിലാണ് കേരളക്ഷേത്രസംരക്ഷണസമിതിയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ പരി പാടികള്‍.
കേളപ്പജിയുടെ തവനൂരിലെ സമാധിമണ്ഡപത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേളപ്പജി അനുസ്മരണ പ്രഭാഷണം നടത്തും. നിളാനദിക്കരയില്‍ പുനര്‍നിര്‍മിച്ച സമാധിമണ്ഡപം ജെ. നന്ദകുമാര്‍ സമര്‍പ്പിക്കും. കേളപ്പജി സ്മാരക സ്മതിയും നിളവിചാരവേദിയുമാണ് അമ്പതാം സമാധിവര്‍ഷാചരണം സംഘടിപ്പിക്കുന്നത്. നിളയുടെ തീരത്ത് കേളപ്പജിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ അനുയോജ്യമായ സമാധിമണ്ഡപം പണിയണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. അനാഥമായി കിടന്നിരുന്ന സമാധിമണ്ഡപം പതിമൂന്ന് വര്‍ഷമായി നിളാവിചാരവേദിയാണ് സംരക്ഷിക്കുന്നത്. സമാധിമണ്ഡപം പുതുക്കിപ്പണിയുന്നതിനും കേളപ്പജിയുടെ ഓര്‍മ്മ നിലനിര്‍ത്താനും നിളാതീരത്ത് കേളപ്പജി സ്മാരകം പണിയാന്‍ സാഹിത്യസാംസ്‌കാരിക പൊതുരംഗത്തെ പ്രമുഖരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്.
Discussion about this post