പാലക്കാട് : ജനങ്ങളില്‍ ഭിന്നത വളര്‍ത്തി രാഷ്ട്രത്തില്‍ അന്തഃഛിദ്രം ഉണ്ടാക്കുന്നതില്‍ ഇടതു ചരിത്രകാരന്മാരുടെ പങ്ക് വലുതാണെന്ന് പുരാവസ്തു ഗവേഷകനും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നോര്‍ത്ത് റീജിയണല്‍ റിട്ട. ഡയറക്ടറുമായ കെ.കെ. മുഹമ്മദ് പറഞ്ഞു. പാലക്കാട് വ്യാസ വിദ്യാപീഠത്തില്‍ നടക്കുന്ന ആര്‍.എസ്.എസ് പ്രാന്തീയ കാര്യകര്‍ത്തൃ ശിബിരത്തില്‍ ആര്‍. ഹരിയുടെ രചനാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യാ ഉത്ഖനനത്തില്‍ പള്ളിയുടെ അടിയില്‍ ക്ഷേത്രമുണ്ടായിരുന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതിനെത്തുടര്‍ന്ന് കെട്ടിടം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കാന്‍ മുസ്ലീം സമുദായം ഏറെക്കുറെ തയ്യാറായിരുന്നു. ഇടതു ചരിത്രകാരന്മാരുടെ കുതന്ത്രവും വസ്തുതാ വിരുദ്ധവുമായ നിലപാടുകളാണ് അവരെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്.
തീവ്രനിലപാടുകളുള്ള ചില ഹിന്ദു സംഘടനകള്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ജനങ്ങളില്‍ ഐക്യബോധവും ത്യാഗസന്നദ്ധതയും വളര്‍ത്തി കരുത്തുറ്റ രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ ആര്‍.എസ്.എസ് വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍. ഹരിയുടെ രചനാ സമാഹാരം ആര്‍. എസ്. എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതില്‍ നിന്നും കെ.കെ മുഹമ്മദ് ഏറ്റുവാങ്ങി. കുരുക്ഷേത്ര മാനേജിങ്ങ് ഡയറക്ടര്‍ സി.കെ രാധാകൃഷ്ണന്‍, ചീഫ് എഡിറ്റര്‍ കെ.പി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.