ന്യൂദല്‍ഹി: സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ വിവരശേഖരണത്തിനൊരുങ്ങി എബിവിപി. പാട്‌നയില്‍ സമാപിച്ച രണ്ട് ദിവസത്തെ പ്രവര്‍ത്തകസമിതിയോഗത്തിന്റേതാണ് തീരുമാനം. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഇതിനായി വിവരശേഖരണം നടത്തും. ഓരോ ചെറിയഗ്രാമത്തിലും നടന്നിട്ടുള്ള സ്വാതന്ത്ര്യസമരങ്ങളെയും സമരസേനാനികളെയും അടയാളപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു,
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ നിരവധി വീരന്മാര്‍ പങ്കെടുത്തിരുന്നു, എന്നാല്‍ അവരുടെ പങ്ക് ചരിത്രത്തിലിടം പിടിച്ചില്ല. പലതും തമസ്‌കരിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം പ്രമാണിച്ച ഈ ചരിത്രദൗത്യം എബിവിപി ഏറ്റെടുക്കുകയാണെന്ന് നിധി പറഞ്ഞു. ഇന്റേണ്‍ഷിപ്പ്, പൊതുവിജ്ഞാന മത്സരം, തിരംഗ യാത്ര തുടങ്ങി വിവിധ പരിപാടികള്‍ വര്‍ഷം മുഴുവനും സംഘടിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.
എബിവിപിയുടെ 67 -ാമത് ദേശീയ സമ്മേളനം ഡിസംബര്‍ 24 മുതല്‍ 26 വരെ ജബല്‍പൂരില്‍ നടക്കും. എബിവിപിയുടെ പ്രവര്‍ത്തനചരിത്രം വിശദമാക്കുന്ന ‘ധ്യേയ യാത്ര’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവും ഇതോടനുബന്ധിച്ച് നടക്കും.
Discussion about this post