കൊച്ചി: ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംസ്‌കാരവും വെല്ലുവിളി നേരിടുന്ന കാലത്ത് ഹിന്ദുസമൂഹത്തിന്റെ നിലപാടായി കേരളധര്‍മ്മാചാര്യസഭ മാറുമെന്ന് ആചാര്യസഭ അധ്യക്ഷന്‍ കൊളത്തൂര്‍ അദ്വൈതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദപുരി. കേരള ധര്‍മ്മാചാര്യസഭയുടെ രൂപീകരണത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തി ഭരണകൂടങ്ങള്‍ ഹിന്ദുധര്‍മ്മത്തെയും ആചാരരീതികളേയും ആക്ഷേപിക്കുകയാണ്. ക്ഷേത്ര വിശ്വാസങ്ങളേയും ആചാരരീതികളേയും പോലും അട്ടിമറിക്കുന്ന രീതികളില്‍ ഭരണകൂടത്തിന്റെ അടക്കം ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുകയും ഹിന്ദുസമാജത്തിന് കൃത്യമായ ദിശാബോധം നല്‍കുകയും ചെയ്യും.
ക്ഷേത്രവും ആരാധനയുമായും ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളാണ് ക്ഷേത്രക്കുളങ്ങള്‍. ക്ഷേത്രക്കുളങ്ങളില്‍ മത്സ്യക്കൃഷി നടത്താനുള്ള നീക്കം ക്ഷേത്രസങ്കല്പങ്ങളെ തകര്‍ക്കുന്നതിന് തുല്യമാണ്. ഇത്തരം നീക്കങ്ങളെ ഫലപ്രദമായി നമ്മള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കാതെ പോകുന്നുണ്ട്. എല്ലാവരും തുല്യരാണെങ്കിലും പലതട്ടിലാണ്. അവരെ എല്ലാം ഒരു കുടക്കീഴില്‍ എത്തിച്ച് ഒരു നിലപാടിന് കീഴിലാക്കും. ക്ഷേത്രങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് ഒറ്റക്കെട്ടായ നിലപാട് സ്വീകരിക്കുകയാണ് കേരള ധര്‍മ്മാചാര്യസഭയിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ പിടിെച്ചടക്കുകയാണ്. ഭക്തരുടെ ഭാഗത്ത് നിന്നുള്ള എതിര്‍പ്പുകളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ഭരണാധികാരികള്‍. സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കെയാണ് മട്ടന്നൂര്‍ ക്ഷേത്രം പിടിച്ചെടുത്തത്. ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ധര്‍മ്മാചാര്യസഭ ഹിന്ദുസമൂഹത്തിന് പ്രേരണയായി ഉണ്ടാകുമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു.
പത്രസമ്മേളനത്തില്‍ സാമി വിവിക്താനന്ദ സരസ്വതി, സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, അക്കീരമണ്‍ കാളിദാസ ഭട്ടിതിരിപ്പാട്്, സൂര്യന്‍ സുബ്രഹ്മണ്യ ഭട്ടതിരിപ്പാട് എന്നിവര്‍ പങ്കെടുത്തു.
Discussion about this post