ന്യൂദല്‍ഹി: കൊറോണ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഭാരതത്തിന് അഭിമാന നിമിഷം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് കോവാക്സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പാണ് കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. കോവാക്സിന്‍ വികസിപ്പിച്ചത് ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ്. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതോടെ, കോവാക്സിന്‍ സ്വീകരിച്ച ആളുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോകുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് കൊവാക്‌സിനായിരുന്നു.
ഏപ്രില്‍ 19നാണ് അനുമതിക്കായി ഭാരത് ബയോടെക്ക് ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. വാക്സിന്‍ പരീക്ഷണഫലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കമ്പനി കൂടുതല്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. ഇന്ന് സംഘടനയുടെ ഉപദേശക സമിതി യോഗം ചേര്‍ന്നാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
നേരത്തെ, ഭാരത് ബയോടെക്കിന്റെ കോവാക്സീന് ഓസ്ട്രേലിയ അംഗീകാരം നല്‍കിയിരുന്നു. രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കോവാക്സിന് അനുമതി നല്‍കിയത്. ഇതോടെ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ ക്വാറന്റീനില്‍ പോവേണ്ടിവരില്ല.
Discussion about this post