ന്യൂദല്‍ഹി: ജനാധിപത്യം ഒരു വ്യവസ്ഥയല്ല, ഭാരതത്തിന്‍റെ സ്വഭാവവും സ്വാഭാവിക പ്രവണതയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 82-ാമത് ഓള്‍ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസേഴ്സ് കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരുടെയും പങ്കാളിത്തവും പ്രയത്‌നവും കൊണ്ടാണ് രാജ്യം പുതിയ ഉയരങ്ങളിലെത്തേണ്ടത്. രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍വഹിക്കാന്‍ വലിയ ദൗത്യങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ‘വടക്കുകിഴക്കന്‍ മേഖലയിലെ ദീര്‍ഘകാല പ്രശ്നങ്ങള്‍ക്കുള്ള പരിഹാരവും പതിറ്റാണ്ടുകളായി നിര്‍ത്തിവച്ചിരിക്കുന്ന വന്‍കിട വികസന പദ്ധതികളുടെ പൂര്‍ത്തീകരണവുമൊക്കെ നടപ്പാകുന്നത് ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഷ്ട്രം പൂര്‍ത്തിയാക്കിയ ഇത്തരം നിരവധി പ്രവൃത്തികള്‍ ഉണ്ട്. ഏറ്റവും വലിയ ഉദാഹരണം കൊവിഡിനെതിരായ പോരാട്ടമാണ്. എല്ലാ സംസ്ഥാനങ്ങളെയും ഒരുമിച്ച് ചേര്‍ത്താണ് രാഷ്ട്രം ഈ വലിയ പോരാട്ടം നടത്തിയത്, ഇന്ന് ഇന്ത്യ 110 കോടി വാക്സിന്‍ ഡോസിന്‍റെ നാഴികക്കല്ല് പിന്നിട്ടു. ഒരുകാലത്ത് അസാധ്യമെന്ന് തോന്നിയത് ഇപ്പോള്‍ സാധ്യമായിക്കൊണ്ടിരിക്കുകയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിന്‍റെയും നിയമസഭകളുടെയും പാരമ്പര്യങ്ങളും ക്രമീകരണങ്ങളും ഭാരതീയമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ നയങ്ങളും നിയമങ്ങളും ഭാരതീയതയുടെ ചൈതന്യം ദൃഢമാക്കണം. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ദൃഢനിശ്ചയം ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിംഗ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post