ലതേഹര്‍: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനും സംസ്ഥാനത്ത് സ്ഫോടനങ്ങള്‍ നടത്താനും ശ്രമിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഝാര്‍ഖണ്ഡില്‍ വ്യാപക തെരച്ചിലുമായി ദേശീയ അന്വേഷണ ഏജന്‍സി. നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായി 14 സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.
ഭീകരര്‍ സ്ഫോടനം നടത്താന്‍ ഗൂഢാലോചന നടത്തുന്നതായി അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റാഞ്ചി, ലതേഹര്‍, ഛത്ര എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് തെരച്ചില്‍ കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരുടെ വീടുകളിലും ചില കേന്ദ്രങ്ങളിലും തെരച്ചില്‍ നടത്തിയിട്ടുണ്ട്.
തെരച്ചിലില്‍ ഡിജിറ്റല്‍ രേഖകളും, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചില തെളിവുകളും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലതേഹറിലെ ബലുമത് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഡിസംബര്‍ 19നാണ് ഇതുമായി ബന്ധപ്പെട്ടുള്ള യഥാര്‍ത്ഥ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ലതേഹറിലെ ചില ഭാഗങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നുണ്ടെന്നും, സ്ഫോടനത്തിനും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താനും ഇവര്‍ ശ്രമിക്കുന്നതായാണ് വിവരം.
കഴിഞ്ഞ വര്‍ഷം തെതരിയാഘദില്‍ നടന്ന ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും, വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. സുജിത് സിന്‍ഹ, അമന്‍ സാഹു എന്നിവരുടെ സംഘമാണ് ഇതിന് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് നാലിന് ഈ കേസ് വീണ്ടും റീ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഓഗസ്റ്റ് അഞ്ചിന് ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ഇതില്‍ 17 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Discussion about this post