കോഴിക്കോട്: വ്രതശുദ്ധിയോടെ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുമ്പോഴാണ് ശബരിമല തീര്‍ഥാടനം പൂര്‍ണ്ണമാകുന്നതെന്നും അതിനായി പരമ്പരാഗത കാനന പാത സഞ്ചാരയോഗ്യമാക്കണമെന്നും കേരള ധര്‍മ്മാചാര്യസഭ ചെയര്‍മാന്‍ സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി തീര്‍ത്ഥാടനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എല്ലാവരും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ എല്ലാ മേഖലകളിലും സര്‍ക്കാര്‍ നിയന്ത്രണം പിന്‍വലിച്ചിട്ടുണ്ടെങ്കിലും ശബരിമല തീര്‍ത്ഥാടനത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേ പടി തുടരുകയാണ്. മണ്ഡലകാലം അവസാനിക്കാറായ ഈ ഘട്ടത്തില്‍ പോലും നിയന്ത്രണങ്ങള്‍ തുടരുന്നത് അയ്യപ്പ ഭക്തരോട് കാട്ടുന്ന കടുത്ത അവഗണനയും നീതിനിഷേധവുമാണ്.
എരുമേലിയില്‍ പേട്ടതുള്ളി പമ്പാസ്‌നാനം ചെയ്ത് ശബരീശ ദര്‍ശനം നടത്തുന്ന പരമ്പരാഗത ആരാധനാരീതി സര്‍ക്കാര്‍ അയ്യപ്പഭക്തര്‍ക്ക് നിഷേധിക്കുകയാണ്. കാനന പാത വഴിയുള്ള യാത്ര നിഷേധിക്കുന്നത് പവിത്രമായ ശബരിമല തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കും. ഭക്തജനങ്ങള്‍ക്ക് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് എത്രയും പെട്ടന്ന് ശബരിമല ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കുവാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറാകണമെന്നും സംയുക്ത പ്രസ്താവനയിലൂടെ അവര്‍ ആവശ്യപ്പെട്ടു.
Discussion about this post