മല്ലപ്പള്ളി: ദയയും ദ്യുതിയും ശ്രീഹരിയും ആശിഷ്‌കോശിയും സായിയും തങ്ങള്‍ക്കു ഉപഹാരമായി കിട്ടിയ പുസ്‌കങ്ങളുമായി കോമളം നടപ്പാലത്തിലൂടെ നടന്നു. പ്രളയത്തില്‍ വേര്‍പിരിഞ്ഞ കോമളം, അമ്പാട്ടുഭാഗം കരകളെ കൂട്ടിയിണക്കി സേവാഭാരതി പ്രവര്‍ത്തകരും നാട്ടുകാരും ചോര്‍ന്ന് മുളന്തൂണുകളില്‍ പണിതുയര്‍ത്തിയ പാലത്തിന്‍റെ സമര്‍പ്പണവേളയിലാണ് ഇരുകരകളിലുമുള്ള കുട്ടികള്‍ അക്കരെയിക്കരെ നടന്നത്. അവര്‍കൂടി ഒത്തുചേര്‍ന്നാണ് കോമളം പാലം പൂര്‍ത്തിയാക്കിയത്.
രാവിലെ 11ന് ജനപങ്കാളിത്തത്തോടെയായിരുന്നു കോമളം കടവില്‍ പാലം സമര്‍പ്പണച്ചടങ്ങ്. സര്‍ക്കാരിന്‍റെയും ജനപ്രതിനിധികളുടെയും തുടര്‍ച്ചയായ അവഗണനയെ നാട്ടുകാര്‍ സേവാഭാരതിയുടെ കരം പിടിച്ച് മറികടക്കുകയായിരുന്നു. രാഷ്ട്രീയപ്രമുഖരെ ഒഴിവാക്കി, ഇരുകരകളിലുമുള്ള മൂന്ന് കുട്ടികളെക്കൊണ്ട് അവര്‍ നാട മുറിപ്പിച്ചു. പുസ്തകങ്ങളുമേന്തി അവര്‍ ആദ്യമായി പാലത്തിലൂടെ നടന്നു നീങ്ങിയപ്പോള്‍ ഹര്‍ഷാരവം മുഴക്കിയും പടക്കം പൊട്ടിച്ചും നാട്ടുകാര്‍ അത് ആഘോഷമാക്കി. തുടര്‍ന്ന് പായസം പങ്കുവച്ച് മനസില്‍ ഒരുമയുടെ മധുരം നിറച്ചു.
ഗതാഗത യോഗ്യമായ ഒരു താല്ക്കലിക പാലം എന്ന പ്രാഥമിക ആവശ്യം സാക്ഷാത്കരിക്കുന്നതിനായി ഏതറ്റം വരെയും പോകാന്‍ ഒത്തു ചേര്‍ന്ന നാട്ടുകാരുടെ ദൃഢനിശ്ചയമാണ് ചടങ്ങില്‍ പ്രതിഫലിച്ചത്. പാലത്തിന്‍റെ നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ കെ.എന്‍.രവി, ഉമേഷ് എന്നിവരെ സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി സി. ബാബു ആദരിച്ചു. നിര്‍മ്മാണ പ്രവര്‍ത്തങ്ങളിലെ ആകര്‍ഷണ സാന്നിദ്ധ്യമായിരുന്ന ദയ, ദ്യുതി, സായി, ആഷിഷ്, ശ്രീഹരി എന്നീ കുരുന്നുകള്‍ക്ക് പത്മകുമാര്‍ പള്ളത്ത് ഉപഹാരങ്ങള്‍ നല്‍കി.
ഫാ. അനൂപ് സ്റ്റീഫന്‍, ഡോ സജി ചാക്കോ, ടി.ഒ ഏബ്രഹാം, മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം പ്രകാശ്കുമാര്‍ വടക്കേമുറി, പുറമറ്റം ഗ്രാമ പഞ്ചായത്ത് അംഗം രശ്മിമോള്‍, ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് സി.എന്‍.രവികുമാര്‍, ജില്ലാ സേവാ പ്രമുഖ് എന്‍. സന്തോഷ് കുമാര്‍, വി.എംജി. പണിക്കര്‍, മോണ്‍സണ്‍ കുരുവിള, ഒ.എം മാത്യു, വി.വി. ഏബ്രഹാം, എന്നിവര്‍ പങ്കെടുത്തു. ഏബ്രഹാം കോചേരില്‍ സ്വാഗതവും അജിത് കാരയ്ക്കാട്ട് മേപ്രത്ത് നന്ദിയും പറഞ്ഞു.
Discussion about this post