ന്യൂദല്‍ഹി: യുദ്ധത്തിന്‍റെ കെടുതിയില്‍ ജീവരക്ഷ തേടുന്നവര്‍ക്ക് സഹായവും ആശ്വാസവുമെത്തിച്ച് സേവാഭാരതിയുടെ ആഗോള സംഘടനയായ സേവാഇന്റര്‍നാഷണല്‍. ആക്രമണത്തില്‍ തകര്‍ന്നടിയുന്ന ഉക്രൈന്‍ നഗരങ്ങളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണ് സേവാ ഇന്റര്‍നാഷണല്‍.
ഉക്രൈനിലെ പതിനെട്ടോളം നഗരങ്ങളിലാണ് സേവാ ഇന്റര്‍നാഷണലിന്‍റെ പ്രവര്‍ത്തകര്‍ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതകേന്ദ്രങ്ങള്‍ ഒരുക്കിയും ഭക്ഷണ പായ്ക്കറ്റുകള്‍ വിതരണം ചെയ്തും എംബസിയുമായി ചേര്‍ന്ന് അവരെ അതിര്‍ത്തി കടത്തി റുമാനിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് അയയ്‌യക്കുന്നതിനും സേവാ ഇന്റര്‍നാഷണലിന്‍റെ സന്നദ്ധസേവകര്‍ രംഗത്തുണ്ട്.
സേവാ ഇന്റര്‍നാഷണലിന്‍റെ പോര്‍ട്ടലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് നാലായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ക്ക് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലേക്ക് പോകാനുള്ള വാഹനങ്ങള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. ഉക്രൈനിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്വയം സേവക സംഘത്തിന്റെ പ്രവര്‍ത്തകരും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായവുമായി രാപ്പകലില്ലാതെ രംഗത്തുണ്ട്. ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്ന കിഴക്കന്‍ മേഖലയില്‍ നിന്ന് താരതമ്യേന സുരക്ഷിതമായ പടിഞ്ഞാറന്‍ മേഖലകളിലേക്ക് പൗരന്മാരെ എത്തിച്ചതില്‍ നിര്‍ണായകപങ്ക് സേവാ ഇന്റര്‍ നാഷണല്‍ പ്രവര്‍ത്തകര്‍ക്കായിരുന്നു. ഉക്രൈന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ സേവാ ഇന്റര്‍നാഷണലിനെ സഹായിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായി യുഎസ്എയിലെ സേവാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അരുണ്‍ കങ്കണി പറഞ്ഞു.
ഉക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരാണെന്ന് റുമാനിയയിലെ ബുക്കാറെസ്റ്റിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ രജ്വീന്ദര്‍ കൗറും മോഹന്‍ പട്ടേലും പറഞ്ഞു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടങ്ങുന്ന പത്തംഗ സംഘത്തിന് എല്ലാ സഹായങ്ങളും ഉക്രൈന്‍ അതിര്‍ത്തി കടക്കാന്‍ സഹായിച്ചത് സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകരാണ്.
Discussion about this post