ന്യൂദല്‍ഹി: രാഷ്ട്രപതിഭവനില്‍ പടിയിറങ്ങുംമുമ്പ് തനിക്ക് ലഭിച്ച വിലയേറിയ ആ കത്ത് രാംനാഥ് കോവിന്ദ് ഇന്നലെ ജനങ്ങളുമായി പങ്കുവച്ചു. കത്തില്‍കുറിച്ച നല്ല വാക്കുകള്‍ക്ക് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള കോവിന്ദിന്റെ യാത്ര ശ്രദ്ധേയവും അഭിനന്ദനാര്‍ഹവുമായിരുന്നുവെന്ന് മോദി എഴുതി. ആ യാത്ര നമ്മുടെ രാജ്യത്തിന്റെ പരിണാമത്തിന്റെയും വികസനത്തിന്റെയും തെളിവാണ്, സമൂഹത്തിന് പ്രേരണയാണ്. കോവിന്ദ്ജി അങ്ങ് രാഷ്ട്രപതിഭവനെ ലോക്ഭവനാക്കി. തീര്‍ത്തും സാധാരണക്കാരുടെ ഭവന്‍, പ്രധാനമന്ത്രി കുറിച്ചു.
മഹാമാരിയുടെ സമ്മര്‍ദത്തിലും പ്രക്ഷുബ്ധതയിലും സംഘര്‍ഷത്തിലും അകപ്പെട്ട ലോകത്തിന്റെ കാലത്ത് രാഷ്ട്രത്തലവന്‍ എന്ന നിലയില്‍, അങ്ങ് സ്വദേശത്ത് ശാന്തതയുടെയും ഐക്യത്തിന്റെയും ഉറപ്പിന്റെയും ഉറവിടമായി. വിദേശത്ത് ദേശീയമൂല്യങ്ങളുടെ ഉജ്ജ്വല വക്താവായി. അങ്ങ് രാജ്യത്തിന്റെ പ്രഥമ പൗരനായിരുന്നു, എന്നാല്‍ ഏറ്റവും ദുര്‍ബലനായ പൗരന്റെ ക്ഷേമത്തോടുള്ള അനുകമ്പയിലും കരുതലിലും അങ്ങെത്രമാത്രം അചഞ്ചലനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രാജ്യത്തിന്റെയും ലോകത്തിന്റെയും എല്ലാ കോണുകളിലേക്കും ഇന്ത്യയുടെ സ്പന്ദനത്തെ പ്രതിനിധീകരിക്കുകയായിരുന്നു അങ്ങയുടെ ഇടപെടലുകളും പ്രസംഗങ്ങളും. രാഷ്ട്രീയ ജീവിതത്തില്‍ ജനങ്ങള്‍ക്കിടയില്‍ എത്ര പ്രിയപ്പെട്ടവനാണ് എന്ന് ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ അങ്ങ് വ്യക്തിമുദ്ര പതിപ്പിച്ചു. ബീഹാറിലെ ഗവര്‍ണറായിരിക്കെ അങ്ങ് രാജ്ഭവനെ സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഒരു ലോക്ഭവനാക്കി മാറ്റി.
അങ്ങയുടെ ജന്മഗ്രാമമായ പരുങ്കിലേക്കുള്ള നാമൊരുമിച്ചുള്ള യാത്ര മറക്കാനാകില്ല. ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായവരെ സഹായിക്കാന്‍ അങ്ങ് കുടുംബ വസതി ദാനം ചെയ്തത് എന്റെ ഹൃദയത്തില്‍ തൊട്ടു. അങ്ങയുടെ വിനയവും കൃപയും ഔദാര്യവും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. വേരുകളുമായുള്ള ആഴത്തിലുള്ള ബന്ധവും ആളുകള്‍ക്ക് അങ്ങയോടുള്ള വാത്സല്യവും ഒരുപോലെ ഹൃദ്യമായിരുന്നു. ഹെലിപാഡില്‍ എന്നെ സ്വീകരിക്കാന്‍ നേരിട്ടുവന്ന അങ്ങയുടെ ലാളിത്യത്തിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക. ഗുജറാത്തില്‍ അങ്ങ് എന്റെ അമ്മയെ സന്ദര്‍ശിച്ചതും സംസാരിച്ചതും മറക്കില്ല. നമ്മുടെ രാഷ്ട്രത്തിന്റെ മൂല്യ വ്യവസ്ഥകളോടുള്ള പ്രതിബദ്ധത അത് പ്രകടമാക്കിയത്. വിജയിയായ ഒരു വ്യക്തിയാകാന്‍ അവസരം നല്‍കിയ സമൂഹത്തിന് അത് തിരികെ നല്‍കുന്നതില്‍ അങ്ങ് ഒരിക്കലും പരാജയപ്പെട്ടില്ല, പ്രധാനമന്തി എഴുതി.
കത്ത് അവസാനിപ്പിക്കുമ്പോള്‍, പ്രധാനമന്ത്രി പറഞ്ഞു, ”കഴിഞ്ഞ അഞ്ച് വര്‍ഷമായി അങ്ങ് എനിക്ക് സമയവും ഉപദേശവും നല്‍കി, ഉപദേശത്തിനായി ഞാന്‍ ഇനിയും അങ്ങയെ തേടിയെത്തും. രാഷ്ട്രപതി ജി, പ്രധാനമന്ത്രി എന്ന നിലയില്‍ അങ്ങയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്. അങ്ങേക്ക് ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു. ജയ് ഹിന്ദ്!”
Discussion about this post