കൊല്‍ക്കത്ത: ദേഹാസ്വാസ്ഥ്യം അഭിനയിച്ച ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ഭുവനേശ്വര്‍ എയിംസില്‍ നിന്ന് തിരിച്ചതയച്ചു. ആശുപത്രിയില്‍ കിടക്കേണ്ട ഒരു അസുഖവും മന്ത്രിക്കില്ലെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഇയാളെ വീണ്ടും കൊല്‍ക്കത്തയിലെത്തിച്ചു. തുടര്‍ന്ന് കോടതി പാര്‍ത്ഥയെയും സുഹൃത്തും നടിയുമായ അര്‍പ്പിത മുഖര്‍ജിയെയും ആഗസ്ത് 3 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം എയര്‍ ആംബുലന്‍സില്‍ പാര്‍ത്ഥയെ ഭുവനേശ്വറിലെ എയിംസിലേക്ക് മാറ്റിയത്.
ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ശനിയാഴ്ച അനുവദിച്ച രണ്ടുദിവസത്തെ കസ്റ്റഡിക്കിടെയാണ് പാര്‍ത്ഥ ചാറ്റര്‍ജി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തെ ബംഗാള്‍ സര്‍ക്കാര്‍ നടത്തുന്ന എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ അസുഖം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇ ഡി അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഈ സമയത്ത് കഴിഞ്ഞിട്ടില്ലെന്നും കൂടുതല്‍ കസ്റ്റഡി അനുവദിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
അര്‍പ്പിത മുഖര്‍ജിയെ 13 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ഇഡി അപേക്ഷിച്ചിരുന്നു. അതേസമയം അഴിമതിക്കേസില്‍ ജയിലിലായിട്ടും പാര്‍ത്ഥാ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെ ബംഗാളില്‍ പ്രതിഷേധം കനക്കുകയാണ്.
എന്നാല്‍ എസ്എസ്സി അഴിമതിയില്‍ സമയബന്ധിതമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മമത ബാനര്‍ജി രംഗത്തെത്തി. ആരെങ്കിലും തെറ്റ് ചെയ്തതായി കണ്ടെത്തിയാല്‍, അവര്‍ ശിക്ഷിക്കപ്പെടണം, സംസ്ഥാന സര്‍ക്കാരിന്റെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അഴിമതിയെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് അവര്‍ പറഞ്ഞത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും മമത പറഞ്ഞു.
എന്നാല്‍ പാര്‍ത്ഥ ചാറ്റര്‍ജിയെ ബലിയാടാക്കി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി പറഞ്ഞു. പാര്‍ത്ഥ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടന്ന അഴിമതിയെക്കുറിച്ച് ടിഎംസിയുടെ ഉന്നത നേതൃത്വത്തിന് അറിയില്ലായിരുന്നുവെന്ന് ആരും വിശ്വസിക്കില്ല. മമതയുടെ അഭിപ്രായങ്ങള്‍ ആരെയും ചിരിപ്പിക്കുന്നതാണ്. പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ തടയുന്നത് എന്താണെന്ന് മമത വ്യക്തമാക്കണം. അറസ്റ്റ് മെമ്മോയില്‍ തന്റെ അടുത്ത ആളായി പാര്‍ത്ഥ ചൂണ്ടിക്കാട്ടുന്നത് മമതയെ ആണെന്നും സുവേന്ദു അധികാരി പറഞ്ഞു.
Discussion about this post