തൃശ്ശൂര്‍: 30 ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കിലിരിക്കെ ചികിത്സക്ക് പണമില്ലാതെ വീട്ടമ്മ മരിച്ചു. സംഭവത്തില്‍ വന്‍ പ്രതിഷേധം. കരുവന്നൂര്‍ ഏറാട്ടുപറമ്പില്‍ ദേവസിയുടെ ഭാര്യ ഫിലോമിന(70) ആണ് മരിച്ചത്. തലച്ചോറില്‍ പഴുപ്പ് ബാധിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും പണം ലഭിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ തന്നെ തുടരുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ രോഗം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ഇവര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലിചെയ്തിരുന്ന ഫിലോമിന വിരമിച്ചപ്പോള്‍ ലഭിച്ച തുകയും പെന്‍ഷനും ഉള്‍പ്പടെ എല്ലാം ചേര്‍ത്താണ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായ സമയത്തെല്ലാം പണം തിരികെ ആവശ്യപ്പെട്ട് ബാങ്കിലെത്തിയിട്ടും ഒരു രൂപ പോലും കിട്ടിയില്ലെന്ന് ഭര്‍ത്താവ് ദേവസി പറഞ്ഞു.
”ഫിലോമിനയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോഴാണ് പണം തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചത്. മകന്റെ കാലിന്റെ ഓപ്പറേഷന് പണം വേണ്ടിവന്നപ്പോഴും പിന്നാലെ നടന്നു. അന്ന് ഒന്നര ലക്ഷം രൂപ മൂന്ന് തവണകളായി കിട്ടി. അതില്‍ നിന്നുള്ള ബാക്കി പണം കൊണ്ടാണ് ഭാര്യയുടെ ചികിത്സ ഇത്രകാലം നടത്തിയിരുന്നത്. 80 വയസുള്ള ഞാന്‍. മാപ്രാണത്ത് പെട്ടിഓട്ടോ ഓടിച്ചാണ് കഴിയുന്നത്. പണം തിരികെ വേണമെന്നാവശ്യപ്പെട്ട് മന്ത്രിമാരുടെയും എംഎല്‍എമാരുടെയുമൊക്കെ മുന്നിലും പോയി. എല്ലാവരും കൈമലര്‍ത്തുന്നു. കേരളത്തിലെ രണ്ടാമത്തെ സൊസൈറ്റി എന്ന് പറഞ്ഞാണ് പണമിട്ടത്’, ദേവസി പറയുന്നു.
ബാങ്ക് നിലപാടിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. ഇന്നലെ ഉച്ചയോടെ മൃതദേഹം കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ എത്തിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇരിങ്ങാലക്കുട ആര്‍ഡിഒ സ്ഥലത്തെത്തി മരണാനന്തര ചടങ്ങിനുള്ള പണം നല്‍കാമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നും ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മൃതദേഹം ഇന്ന് രാവിലെ 11 ന് മാപ്രാണം ഹോളിക്രോസ് ദേവാലയ ശ്മശാനത്തില്‍ സംസ്‌കരിക്കും. മകന്‍ ഡിനോ.
Discussion about this post