ഭരത്പൂര്‍: സന്ത് വിജയദാസിന്റെ ആത്മാഹുതിയിലേക്ക് നയിച്ച ആദിബദ്രിക്കുന്നുകളിലെ അനധികൃത ക്വാറികളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി. സന്ത് വിജയദാസിന്റേത് ആത്മാഹുതിയല്ലെന്നും സര്‍ക്കാര്‍ പ്രതിയായ കൊലപാതകമാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിങ് ആരോപിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ട്ടി പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
അനധികൃതഖനനം നടക്കുന്ന പാസോപ ഗ്രാമം സന്ദര്‍ശിച്ച ബിജെപി നേതൃസംഘം അന്വേഷണറിപ്പോര്‍ട്ട് ദേശീയ അധ്യക്ഷന്‍ ജെ. പി. നദ്ദയ്ക്ക് കൈമാറി. ഖനന മാഫിയയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദശീയ ഹരിത ട്രൈബ്യൂണലിനോട് ബിജെപി ആവശ്യപ്പെട്ടു. കനകാഞ്ചലും ആദി ബദ്രിയും ബൃജ് മേഖലയും നാടിന്റെ സാംസ്‌കാരിക പൈതൃകമാണ്. അവിടെ നടക്കുന്ന ആശ്രമങ്ങളെയും പൊതുജീവിതത്തെയും ബാധിച്ചു. നിത്യേന ആയിരക്കണക്കിന് ട്രക്കുകളിലാണ് അവര്‍ കുന്നിടിച്ചുകടത്തിയത്. 550 ദിവസം സമാധാനപരമായി സമരം ചെയ്ത സംന്യാസി സമൂഹത്തെ പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തയ്യാറായില്ലെന്ന് അരുണ്‍സിങ് കുറ്റപ്പെടുത്തു.
ഗെഹ്ലോട്ട് സര്‍ക്കാരിലെ ഖനന മന്ത്രി പ്രമോദ് ഭയ ആണ് മാഫിയയ്ക്ക് പിന്നില്‍. മറ്റൊരു മന്ത്രി സാഹിദാഖാനും മകനുമെതിരെയും ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രദേശമാകെ കൊള്ളയടിക്കുകയാണ് ഇവര്‍ ചെയ്തത്. ഭരത്പൂരില്‍ നടന്ന സമരം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടേതല്ല. പവിത്രമായ ബൃജ് മേഖലയെ സംരക്ഷിക്കാനുള്ള ജനങ്ങളുടെയും സംന്യാസിമാരുടെയും പ്രസ്ഥാനമാണത്. പ്രശ്‌നത്തില്‍ സിബിഐയും ഇ ഡിയും ഇടപെടണം. രാജസ്ഥാന്‍ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരെയും ചോദ്യം ചെയ്യണം, അരുണ്‍ സിങ് പറഞ്ഞു.
Discussion about this post