ഭുവനേശ്വര്‍: ‘ദ്രൗപദി ഈ മണ്ണിന്റെ മകള്‍… ഒഡീഷയുടെ ഇതിഹാസത്തില്‍ പുതിയ ചരിത്രം കുറിച്ചവള്‍…’ ഒഡീഷ മുഖ്യമന്ത്രിയായി 22 വര്‍ഷം തികയുന്നതിന്റെ ഭാഗമായി നവീന്‍ പട്‌നായിക് ഒഡിയ മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെക്കുറിച്ച് അഭിമാനം കൊള്ളുന്നത്.
ദ്രൗപദി മുര്‍മുവിന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുത്തത് ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തമാണ്. ‘ഞാന്‍ ദൗപദി മുര്‍മു ദൈവത്തിന്റെ നാമത്തില്‍ സത്യം ചെയ്യുന്നു…’ എന്ന മുര്‍മുവിന്റെ വാക്കുകള്‍ തലമുറകളുടെ കാതില്‍ മുഴങ്ങിനില്‍ക്കുമെന്ന് ‘ഇ മത് രാ കന്യ’ (ഈ മണ്ണിന്റെ മകള്‍) എന്ന ലേഖനത്തില്‍ പട്‌നായിക് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഒരു പാവപ്പെട്ട വ്യക്തിക്ക് സ്വപ്‌നം കാണാനും അത് നേടാനും കഴിയുമെന്ന മുര്‍മുവിന്റെ വാക്കുകള്‍ എന്നെ ഏറെ ആകര്‍ഷിച്ചു. സാംസ്‌കാരികമായി സമ്പന്നമായ മയൂര്‍ഭഞ്ചില്‍ നിന്നുള്ള ഒരു സ്ത്രീ ഈ നേട്ടം കൈവരിച്ചത് ഒഡീഷയിലെ 4.5 കോടി ജനങ്ങള്‍ക്ക് അഭിമാനകരമാണ്. ദ്രൗപദി മുര്‍മു അമ്മയാണ്. സൃഷ്ടിയുടെ പ്രതീകമെന്ന നിലയില്‍ അമ്മയ്ക്ക് പവിത്രമായ സ്ഥാനമുണ്ട്. എല്ലാ അമ്മമാരും സമൂഹത്തിനും രാജ്യത്തിനും ശക്തിയുടെ ഉറവിടമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. ദ്രൗപദി മുര്‍മൂവിന്റെ കാഴ്ചപ്പാടുകള്‍ സ്വീകരിക്കണം. സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍ വലുത് ലോകക്ഷേമമാണെന്ന ആ വീക്ഷണം പിന്തുടരണം എന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നത്.
ഒറീസ്സയിലുടനീളം ബിജെഡി പ്രവര്‍ത്തകര്‍ പട്നായിക്കിന്റെ കൈത്തണ്ടയില്‍ ദ്രൗപദി മുര്‍മു ‘രാഖി’ ബന്ധിക്കുന്ന പോസ്റ്ററുകളും ബാനറുകളും പ്രചരിപ്പിച്ചാണ് മണ്ണിന്റെ മകളുടെ രാഷ്ട്രപതി പദവിയെ വരവേറ്റത്.
Discussion about this post