ചെന്നൈ: നാഗപട്ടണം മഹാദേവി ക്ഷേത്രത്തിലെ യഥാര്‍ത്ഥ വിഗ്രഹം തേടി അന്വേഷണ സംഘം അമേരിക്കയിലേക്ക്. ചോള രാജ്ഞി സെംബിയന്‍ മഹാദേവിയെ ആരാധിക്കുന്ന നാഗപട്ടണം ജില്ലയിലെ ഗ്രാമ ക്ഷേത്രത്തില്‍ നിന്ന് ഒരു നൂറ്റാണ്ട് മുമ്പ് കളവ് പോയ ശില്‍പ്പം തേടിയാണ് സിഐഡി ഐഡല്‍ വിങ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. വാഷിംഗ്ടണ്‍ ഡിസി ഫ്രീര്‍ ഗ്യാലറിയില്‍ കണ്ടെത്തിയ വിഗ്രഹം സെംബിയന്‍ മഹാദേവിയുടേതാണെന്ന വിവരത്തെത്തുടര്‍ന്നാണ് സംഘം അമേരിക്കയിലേക്ക് പോകുന്നത്. ക്ഷേത്രത്തില്‍ നിലവിലുള്ള ശില്പം യഥാര്‍ത്ഥമല്ലെന്നും പകര്‍പ്പാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഫ്രീര്‍ ഗ്യാലറി 1929-ല്‍ സെംബിയന്‍ മഹാദേവിയുടെ ശില്പം വിലയ്ക്ക് വാങ്ങിയതാണെന്ന് ഐഡല്‍ വിങ് സിഐഡി ഡയറക്ടര്‍ ജനറല്‍ കെ.ജയന്ത് മുരളി പറഞ്ഞു. ശില്‍പ്പങ്ങളും കലാരൂപങ്ങളും ശേഖരിച്ചിരുന്ന ഹാഗോപ് കെവോര്‍ക്കിയന്‍ എന്നയാളില്‍ നിന്നാണ് അവര്‍ ഇത് വാങ്ങിയത്. 1962-ല്‍ കെവോര്‍ക്കിയന്‍ മരിച്ചു. ശില്പത്തിന്റെ മോഷണം, ഹാഗോപ് കെവോര്‍ക്കിയന്‍ വിഗ്രഹം എങ്ങനെ സ്വന്തമാക്കി, അതിന്റെ വില എന്നിവയെക്കുറിച്ചാണ് അന്വേഷണമെന്ന് ജയന്ത് മുരളി പറഞ്ഞു.
2015 ഡിസംബറില്‍ ഫ്രീര്‍ ഗാലറി സന്ദര്‍ശിച്ച ജി. രാജേന്ദ്രന് എന്നയാള്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഗ്യാലറിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള, പ്രത്യേകിച്ച് ചോള രാജവംശത്തില്‍ നിന്നുള്ള ധാരാളം പുരാവസ്തുക്കള്‍ കണ്ടിരുന്നു. മൂന്നരയടി ഉയരമുള്ള ഒരു ലോഹ വിഗ്രഹത്തിന്റെ പീഠത്തിന് താഴെയായി ‘സെംബിയന്‍ മഹാദേവി, ചോള രാജവംശം, പത്താം നൂറ്റാണ്ട്, തമിഴ്നാട്, ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയിരുന്നു. 2018ല്‍ യുഎസില്‍ നിന്ന് മടങ്ങിയെത്തിയ രാജേന്ദ്രന് നാഗപട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സെംബിയന്‍ മഹാദേവി ഗ്രാമത്തെക്കുറിച്ച് മനസ്സിലാക്കി. പാര്‍വതിയുടെ അവതാരമായാണ് പ്രദേശവാസികള്‍ സെംബിയന്‍ മഹാദേവിയെ ആരാധിച്ചിരുന്നത്. ഈ വിഗ്രഹം മോഷണം പോയതാണെന്നും ഇപ്പോഴുള്ളത് പകരം നിര്‍മ്മിച്ചതാണെന്നും അറിഞ്ഞതിനെത്തുടര്‍ന്നാണ് ഇദ്ദേഹം പരാതി നല്‍കിയത്.
Discussion about this post