പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നംകാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാര്‍ തന്നെയെന്ന് ഉറപ്പിച്ച് പോലീസ്. കേസില്‍ കൊട്ടക്കേട് സ്വദേശികളായ നവീന്‍ (28), ശബരീഷ് (30), സുജീഷ് (27), അനീഷ് (29) എന്നിവരുടെ അറസ്റ്റ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. ഷാജഹാനെ വധിച്ചത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.
ഷാജഹാനെ കൊലപ്പെടുത്തിയതിന് കാരണം പാര്‍ട്ടിയില്‍ അദ്ദേഹത്തിന് അടുത്തകാലത്തുണ്ടായ സ്വാധീനമാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. 2019 മുതല്‍ തന്നെ പ്രതികള്‍ക്ക് ഷാജഹാനുമായി വിരോധമുണ്ട്. ഷാജഹാന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തി കൊലപാതകത്തിലേക്ക് നയിച്ചെന്നും എസ്പി പറഞ്ഞു. ഷാജഹാന് സിപിഎമ്മിലുണ്ടായ വളര്‍ച്ചയില്‍ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായി. പ്രതികള്‍ ഇയാളില്‍ നിന്ന് അകന്നു. പിന്നീടത് ശത്രുതയ്ക്ക് കാരണമായി.
14ന് രാത്രി ഒന്‍പതരയോടെ കുന്നംകാട് ജങ്ഷന് സമീപം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. നവീനിനെ പൊള്ളാച്ചിയില്‍ നിന്നും മറ്റു മൂന്നു പേരെ മലമ്പുഴ കവയിലെ ചെറിയ കുന്നിന് മുകളില്‍ നിന്നുമാണ് പിടികൂടിയത്. അനീഷ്, ശബരീഷ്, സുജീഷ് എന്നിവരാണ് ഷാജഹാനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതെന്നും നവീനാണ് മുഖ്യസൂത്രധാരനെന്നും പോലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്കു ശേഷം പ്രതികളായ ശബരീഷ്, സുജീഷ്, അനീഷ് എന്നിവരുമായി അന്വേഷണസംഘം നടത്തിയ തെളിവെടുപ്പില്‍ ഷാജഹാനെ വെട്ടാനുപയോഗിച്ച മൂന്നു വാളുകള്‍ കണ്ടെത്തി. മലമ്പുഴ കോരയാര്‍ പുഴയ്ക്ക് സമീപമുള്ള പാടത്ത് നിന്നാണ് മൂന്ന് വാളുകള്‍ കണ്ടെത്തിയത്. വാളിന്‍റെ പിടിയില്‍ ഉള്‍പ്പെടെ രക്തക്കറ കണ്ടെത്തി. സുജീഷും അനീഷുമാണ് വീടുകളില്‍ നിന്ന് വാളുകള്‍ കൊണ്ടുവന്നത്. കൃത്യത്തിന് ശേഷം കോരയാര്‍ പുഴക്ക് സമീപത്തെ പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. വന്‍ പോലീസ് സന്നാഹത്തില്‍ ഷാജഹാനെ കൊലപ്പെടുത്തിയ സ്ഥലത്തെത്തിച്ചും തെളിവെടുത്തു.
Discussion about this post