പാലക്കാട്: മലമ്പുഴ മണ്ഡലത്തിലെ മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കൊട്ടേക്കാട് കുന്നംകാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ തങ്ങള്‍ സിപിഎമ്മുകാരാണെന്ന് വിളിച്ചു പറഞ്ഞത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഷാജഹാന്‍ വധം ആര്‍എസ്എസ്സിന്‍റെയും ബിജെപിയുടേയും തലയില്‍ കെട്ടിവെയ്ക്കാനുള്ള സിപിഎമ്മിന്‍റെ നീക്കം തുടരുമ്പോഴാണ് കനത്ത തിരിച്ചടിയായി പ്രതികളുടെ വെളിപ്പെടുത്തല്‍.
കോടതിയിലെത്തിച്ചപ്പോള്‍ ‘ഞങ്ങള്‍ സിപിഎമ്മുകാരാണ്, ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരാണ്’ എന്ന് രണ്ടാംപ്രതി അനീഷാണ് വിളിച്ചു പറഞ്ഞത്. കഴിഞ്ഞദിവസം അറസ്റ്റിലായ അനീഷ് ഉള്‍പ്പെടെയുള്ള നാല് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഈ സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും അനീഷ് പറഞ്ഞു.
പ്രതികളായ അനീഷും ശബരീഷും പാര്‍ട്ടി അംഗങ്ങളാണെന്ന് കേസിലെ സാക്ഷിയായ സുരേഷ് തന്നെ വ്യക്തിമാക്കിയിരുന്നു. എഫ്ഐആറില്‍ പ്രതികള്‍ ബിജെപിആര്‍എസ്എസ് പ്രവത്തകരാണെന്ന് ചേര്‍ത്ത പോലീസ് പിന്നീട് അവരുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറി. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ അടക്കം പ്രതികളുടെ സിപിഎം ബന്ധം വെളിവാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. പ്രതികള്‍ പഴയ സിപിഎമ്മുകാരാണെന്നും, ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരാണെന്നും എന്ന വാദമാണ് സിപിഎം ജില്ലാ നേതൃത്വം ഉയര്‍ത്തിയത്. ഇത് പിന്നീട് പോലീസും ഏറ്റുപിടിച്ചു.
ഇതിനിടെ പ്രതികള്‍ പാര്‍ട്ടി കുടുംബത്തില്‍ പെട്ടവരാണെന്നാണ് സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസ് സമ്മതിച്ചു. അവരുടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ആ പ്രദേശത്ത് സിപിഎമ്മുകാരല്ലാതെ മറ്റാരുമില്ല. ഇങ്ങനെയാരു അസുരവിത്ത് ഞങ്ങളുടെ പാര്‍ട്ടി കുടുംബത്തില്‍ വന്നു പിറന്നും എന്നത് നിര്‍ഭാഗ്യമായി കാണുന്നു എന്നുപറഞ്ഞ അദ്ദേഹം ആ പ്രദേശത്ത് മറ്റുപാര്‍ട്ടിക്കാരോ, പ്രവര്‍ത്തകരോ ഇല്ല എന്ന് തന്നെയാണ് പറയാതെ പറഞ്ഞത്. പ്രതികളെ പോലീസ് കണ്ടെത്തി കഴിയുമ്പോഴല്ലേ അവരുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കറിച്ചു പറയാന്‍ കഴിയൂവെന്നാണ് പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വിശദീകരിക്കാന്‍ വൈകിയതിന് മറുപടിയായി അദ്ദേഹം പറഞ്ഞ വിശദീകരണം.
Discussion about this post