ഇംഫാല്‍: സൈന്യത്തില്‍ ചേരാനുള്ള ബാല്യകാല സ്വപ്നത്തെക്കുറിച്ച് വികാരനിര്‍ഭരനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് മണിപ്പൂരിലെത്തിയ രാജ് നാഥ് ഇംഫാലിലെ മന്ത്രിപുഖ്‌റിയില്‍ സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു.
‘സൈന്യവും സൈനികരും എനിക്കെന്നും ആവേശമാണ്. നിങ്ങളിലൊരാളാകാന്‍ ഞാനേറെ കൊതിച്ചിട്ടുണ്ട്. ഒരിക്കല്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ പരീക്ഷ എഴുതുകയും ചെയ്തു. എന്നാല്‍ കുടുംബത്തില്‍ വന്നുചേര്‍ന്ന ബുദ്ധിമുട്ടുകള്‍, അച്ഛന്‍റെ പൊടുന്നനെയുള്ള മരണം, വീട് വിട്ടുനില്‍ക്കാനാകാത്ത അവസ്ഥ…. എനിക്കതിന് കഴിഞ്ഞില്ല. മഹത്തായ ഈ നാടിന്‍റെ കരുത്താകാന്‍ കഴിയുന്നതില്‍ ഓരോ സൈനികനും അഭിമാനിക്കണം…..’ രാജ്നാഥ് സിങ് പറഞ്ഞു.
അസം റൈഫിള്‍സിലെയും 57-ാമത് മൗണ്ടന്‍ ഡിവിഷനിലെയും ഉദ്യോഗസ്ഥരുമായാണ് അദ്ദേഹം മനസ്സുതുറന്നത്. സൈന്യത്തിന്‍റെ വേഷത്തിന് ഒരു മാസ്മരികതയുണ്ട്. അത് ഒരു വിദ്യാര്‍ത്ഥിയെ അണിയിക്കൂ, അവന്‍റെ സ്വഭാവംതന്നെ മാറുന്നത് കാണാം, രാജ്‌നാഥ് സിങ് പറഞ്ഞു.
ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രാജ്യത്തിന് സംഭാവന ചെയ്യുന്നുണ്ട്. എങ്കിലും സൈനികരുടെ സേവനം ഏതെങ്കിലും തൊഴിലിനോട് ചേര്‍ത്ത് താരതമ്യം ചെയ്യാവുന്നതല്ല. ഇന്ത്യ-ചൈന സംഘര്‍ഷം നടക്കുമ്പോഴുള്ള എല്ലാ വിശദാംശങ്ങളും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ എനിക്കറിയാം, നമ്മുടെ സൈനികര്‍ കാട്ടിയ ധീരതയും ശൗര്യവും അസാമാന്യമായിരുന്നു. സേനാംഗങ്ങളെ കാണുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു, കേന്ദ്രമന്ത്രി പറഞ്ഞു. ആസം റൈഫിള്‍സ് ഇന്‍സ്‌പെക്ടര്‍ ജനറലിന്‍റെ ആസ്ഥാനം സന്ദര്‍ശിച്ച അദ്ദേഹത്തോടൊപ്പം കരസേനാ മേധാവി മനോജ് പാണ്‌ഡെയും ഉണ്ടായിരുന്നു.
Discussion about this post