കൊല്‍ക്കത്ത: മമതാ സര്‍ക്കാരിന്‍റെ അധ്യാപകനിയമന അഴിമതിയുടെ ഗുണഭോക്താക്കളില്‍ കാലിക്കടത്ത് കേസിലെ പ്രതി അനുബ്രതമൊണ്ടലിന്‍റെ മകളും. തൃണമൂല്‍ കോണ്‍ഗ്രസ് ബിര്‍ഭം ജില്ലാ പ്രസിഡന്റ് കൂടിയായ അനുബ്രതയുടെ മകള്‍ സുകന്യ മൊണ്ടല്‍ അധ്യാപികയായത് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) ജയിക്കാതെയാണെന്ന് സിബിഐ കണ്ടെത്തി. കാലിക്കടത്തുകേസില്‍ ജയിലിലായ അനുബ്രത മൊണ്ടലിന്‍ വീട്ടിലെത്തി സുകന്യയെ ചോദ്യം ചെയ്തപ്പോഴാണ് പുതിയ വിവരം പുറത്തായത്. അദ്ധ്യാപികയായി സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഇവര്‍ ജോലിക്ക് പോകാറില്ലെന്നും ഹാജര്‍ രജിസ്റ്റര്‍ സ്‌കൂള്‍ അറ്റന്‍ഡന്റിനെ കൊണ്ട് വീട്ടില്‍ വരുത്തി ഒപ്പിടുകയുമായിരുന്നുവത്ര.
പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ നേതാക്കള്‍ക്കും അധികൃതര്‍ക്കും പണം കൊടുക്കേണ്ട അവസ്ഥയാണെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ് സുകന്യ മൊണ്ടലിന്‍റെ ജോലി സംബന്ധിച്ച വിവരം പുറത്തുവരുന്നത്. അതേസമയം അനുബ്രത പിടിയിലായതോടെ പശ്ചിമ ബംഗാളിലെ കന്നുകാലി ചന്തകളിലെ വ്യാപാരം മന്ദഗതിയിലായതായി വൃത്തങ്ങള്‍ പറയുന്നു. ചന്തകളില്‍ മൃഗങ്ങളുടെ ഇറക്കുമതി കുറഞ്ഞതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കന്നുകാലി ചന്തകളില്‍ ലോക്കല്‍ പോലീസും റെയ്ഡ് നടത്തുന്നുണ്ട്. ബിര്‍ഭം മുതല്‍ മുര്‍ഷിദാബാദ് വരെ പശുക്കടത്തും നിയന്ത്രണവിധേയമായതായി വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post