മഥുര: ജന്മാഷ്ടമി ആഘോഷത്തിന്‍റെ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം. മഥുരയിലെ പ്രശസ്തമായ ബങ്കി ബിഹാരി ക്ഷേത്രത്തിലാണ് അപകടം. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 1.45ന് മംഗള ആരതി സമയത്ത് കനത്ത തിരക്കില്‍പെട്ടാണ് അപകടമുണ്ടായതെന്ന് ജില്ലാ മജിസ്ട്രേറ്റ് നവനീത് സിങ് ചാഹല്‍ പറഞ്ഞു.
നോയിഡയില്‍ നിന്നുള്ള അമ്പത്തഞ്ചുകാരിയും ജബല്‍പൂരില്‍ നിന്നുള്ള 65കാരിയുമാണ് മരിച്ചത്. ആഗ്ര കമ്മീഷണര്‍ അമിത് ഗുപ്ത മഥുരയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഭക്തജനസംഘടനകളുടെ സമയോചിതമായ ഇടപെടലും പരിക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാന്‍ കഴിഞ്ഞതും നിരവധി ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചുവെന്ന് ക്ഷേത്ര പൂജാരി ശശാങ്ക് ഗോസ്വാമി പറഞ്ഞു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ദുഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
Discussion about this post