കൊച്ചി: ജാമ്യാപേക്ഷകള്‍ പരിഗണനയ്ക്കെടുത്ത് ഏഴു ദിവസത്തിനുള്ളില്‍ വിധി പറയണമെന്നും വൈകിയാല്‍ കാരണമെന്തെന്ന് ഉത്തരവില്‍ വ്യക്തമാക്കണമെന്നും ഹൈക്കോടതി സംസ്ഥാനത്തെ കീഴ്ക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് കേരള ക്രിമിനല്‍ റൂള്‍സ് ഓഫ് പ്രാക്ടീസ് ചട്ടത്തില്‍ വരുത്തിയ ഭേദഗതി അനുസരിച്ചാണ് ഹൈക്കോടതി ഭരണ വിഭാഗം ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ജില്ലാ ജഡ്ജിമാര്‍ക്കായി നല്‍കിയ നിര്‍ദ്ദേശത്തില്‍ ഇതിന്‍റെ പകര്‍പ്പ് എല്ലാ ക്രിമിനല്‍ കോടതികള്‍ക്കും നല്‍കണമെന്ന് രജിസ്ട്രാര്‍ ജനറല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകളില്‍ അന്വേഷണം, വിചാരണ, മൊഴി രേഖപ്പെടുത്തല്‍ തുടങ്ങിയവയില്‍ പാലിക്കേണ്ട നടപടികള്‍ സംബന്ധിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ജാമ്യാപേക്ഷകളില്‍ വിശദീകരണ പത്രിക നല്‍കാന്‍ പ്രോസിക്യൂഷനോടു ആവശ്യപ്പെടാം. പോലീസ് റിപ്പോര്‍ട്ട്, വിശദീകരണ പത്രിക, വിധി എന്നിവയുടെ പകര്‍പ്പുകള്‍ കഴിയുന്നതും ജാമ്യാപേക്ഷയില്‍ വിധി പറയുന്ന ദിവസം തന്നെ പ്രതിക്ക് സൗജന്യമായി നല്‍കണം. കേസുകളില്‍ മൊഴി രേഖപ്പെടുത്തുമ്പോള്‍ ഖണ്ഡിക തിരിച്ചു എഴുതണം. ഖണ്ഡികകള്‍ക്ക് നമ്പരിടണം.
വിചാരണകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. സാക്ഷിവിസ്താരം തുടങ്ങിയാല്‍ പൂര്‍ത്തിയാകും വരെ എല്ലാ ദിവസവും നടത്തണം. ഇതില്‍ മാറ്റമുണ്ടായാല്‍ കാരണം വ്യക്തമാക്കണം. സാക്ഷിവിസ്താരത്തിന്‍റെ സമയക്രമം തയ്യാറാക്കണം. ഒരേ ദിവസം തന്നെ സാക്ഷിയുടെ വിസ്താരവും ക്രോസ് വിസ്താരവും നടത്താന്‍ ശ്രമിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Discussion about this post