വാരാണസി: കാശിയുടെ പാരമ്പര്യവും പവിത്രതയും വിശദമാക്കി ഭാരത് പ്രകാശന്‍ പ്രസിദ്ധീകരിച്ച ഹേമന്ത് ശര്‍മ്മയുടെ ‘ദേഖോ ഹമാരി കാശി’ പുസ്തകം പ്രകാശനം ചെയ്തു. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേ ഹൊസബാളെ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രകാശനം. ജ്ഞാനദായിനിയും മോക്ഷദായിനിയുമാണ് കാശിയെന്ന് പുസ്തകപ്രകാശനം നടത്തിയ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. സംസ്‌കൃതിക്ക് വേണ്ടിയുള്ള സുദീര്‍ഘ പോരാട്ടങ്ങളുടെ കഥ പറയാനുണ്ട് കാശിക്ക്. ഇത് ഭാരതത്തിന്റെ സംസ്‌കാരപ്രവാഹത്തെ സിരകളില്‍ പേറുന്ന നാടാണ്, അദ്ദേഹം പറഞ്ഞു.
ആത്മീയവും ഭൗതികവുമായ വികാസത്തിന്റെ ചരിത്രം പറയുന്ന ജീവിതമാണ് കാശിയുടേതെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. തുളസിയുടെ, കബീറിന്റെ, രാമാനന്ദിന്റെ, രവിദാസിന്റെ മഹത്തായ ആത്മീയപ്രവാഹമാണ് കാശിയിലൊഴുകുന്നതെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഇവിടെയാണ് ശങ്കരന്‍ ശങ്കരാചാര്യരായത്, ഇവിടെയാണ്, ശ്രീബുദ്ധന്‍ ആദ്യമായി ധര്‍മ്മപ്രഭാഷണം നടത്തിയത്. കാശി ബിസ്മില്ലാഖാന്റെയും ഭരതേന്ദു ഹരിശ്ചന്ദ്രയുടെയും മുന്‍ഷി പ്രേംചന്ദിന്റെയും നാടാണ്. കാശിയുടെ മഹത്തായ ആ പവിത്രപാരമ്പര്യത്തിന്റെ കണ്ണികളായി ഇവിടുത്തെ ഇടനാഴികളിലെ അനേകം ജീവിതങ്ങളുണ്ട്, നെയ്ത്തുകാരുടെയും കര്‍ഷകരുടെയും ഗോപരിപാലകരുടെയും പ്രയത്‌നത്തിന്റെ തഴപ്പാണ് കാശിയുടെ പാരമ്പര്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Discussion about this post