ന്യൂഡല്‍ഹി: യൂണിഫോം ധരിക്കേണ്ട സ്‌കൂളില്‍ ഹിജാബ് ധരിക്കാന്‍ കഴിയുമോയെന്നാണ് സുപ്രീംകോടതിയുടെ ചോദ്യം. കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ടുള്ള സര്‍ക്കാര്‍ നടപടി ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു വിവിധ സംഘടനകളും വ്യക്തികളും ഹര്‍ജി നല്‍കിയത്.
ഹിജാബ് ധരിക്കുന്നതില്‍ കേരള ഹൈക്കോടതി അനുകൂലമായി വിധിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസ് ഇനി ബുധനാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.’നിങ്ങള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശമുണ്ട്. അത് പക്ഷെ സ്‌കൂളില്‍ പോകുമ്പോള്‍ ഇടാന്‍ പറ്റുമോ?’ എന്നാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയും സുദാന്‍ശു ദുലിയമുള്ള ബെഞ്ചിന്‍റെ ചോദ്യം. കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ‘ആചാരം അനിവാര്യമായിരിക്കാം അല്ലായിരിക്കാം. ഇവിടുത്തെ ചോദ്യം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിങ്ങളുടെ മതപരമായ ആചാരം അങ്ങനെ തന്നെ തുടരാന്‍ കഴിയുമോ എന്നാണ്. കാരണം ഭരണഘടനയുടെ ആമുഖത്തില്‍ നമ്മുടേത് ഒരു മതേതര രാജ്യമാണെന്ന് പറയുന്നുണ്ടെന്നും’ ജസ്റ്റിസ് ഗുപ്ത പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ദവാന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. വിദ്യാര്‍ത്ഥികള്‍ യൂണിഫോമിനെ എതിര്‍ക്കുകയല്ല.
ഹിജാബു കൂടെ യൂണിഫോമിന്‍റെ ഭാഗമാക്കാനാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കോടതിയില്‍ തന്നെ ജഡ്ജിമാര്‍ നെറ്റിയില്‍ തിലകമണിഞ്ഞ് കണ്ടിട്ടുണ്ട്. കോടതിയിലും തലപ്പാവ് ധരിച്ച ഒരു ജഡ്ജിയുടെ ഛായാചിത്രം ഞാന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. അധിക വസ്ത്രം ധരിച്ചതു കാരണം വിദ്യാഭ്യാസം നിഷേധിക്കാനാവുമോയെന്നും വിദ്യാര്‍ത്ഥികളുടെ അഭിഭാഷകര്‍ ചോദിച്ചു.നേരത്തെ, ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിനെ കോടതി വിമര്‍ശിച്ചു. അടിയന്തരമായി പരിഗണിക്കുന്നില്ലെന്ന് പരാതി ഉയര്‍ത്തിയ ഹര്‍ജിക്കാര്‍ തന്നെ, കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ മാറ്റി വെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും താല്‍പ്പര്യമുള്ള ബെഞ്ചിന് മുമ്പാകെ ഹര്‍ജി വരുത്തിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ആറ് മാസം മുമ്പേ കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുന്‍പെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ തടസ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സ്റ്റേ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Discussion about this post