കിബിത്തു: ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാർഷികം അടുക്കുന്ന വേളയിൽ അരുണാചൽ പ്രദേശിലെ സൈനിക താവളം ഇനി മുതൽ റാവത്തിന്‍റെ പേരിൽ അറിയപ്പെടും. കൂടാതെ വാലോങ് മുതൽ കിബിത്തു വരെയുള്ള 22 കിലോമീറ്റർ റോഡിനും ജനറൽ റാവത്തിന്‍റെ പേര് നൽകും.
സൈനിക ഗാരിസൺ ഉദഘാടന ചടങ്ങിൽ ഗവർണർ ബ്രിഗേഡിയർ ബിഡി മിശ്ര, മുഖ്യമന്ത്രി പേമ ഖണ്ഡു, കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാണാ പ്രതാപ് കലിത തുടങ്ങിയവർ പങ്കെടുത്തു. കിഴക്കൻ മേഖലയിൽ ജനറൽ റാവത്ത് നടത്തിയ സംഭാവനകളെ രാജ്യം എന്നും ഓർമ്മിക്കുമെന്നും അദ്ദേഹത്തിന്‍റെ വിയോഗം രാജ്യത്തിനും സേനയ്‌ക്കും വലിയ നഷ്ടമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.
ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ ലോഹിത് താഴ്വരയുടെ സമീപത്തുള്ള ഗ്രാമമാണ് കിബിത്തു. ഇവിടെ നിന്നും 5 കിലോമീറ്റർ അകലെയാണ് മിലിറ്ററി ഗാരിസൺ സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ആർമിയിലെ ഏറ്റവും ശക്തനായ ഓഫീസർമാരിൽ ഒരാളായ ബിപിൻ റാവത്ത് 1978ലാണ് സായുധ സേനയിൽ ചേർന്നത്. ത്യാഗനിർഭരമായ പ്രവർത്തനത്തിന്റെ ഫലമായി അദ്ദേഹത്തെ തേടിയെത്തിയത് ജനറൽ എന്ന പദവിയായിരുന്നു.
സൈനിക മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ചത് വഴി പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, യുദ്ധ സേവാ മെഡൽ , സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവയുൾപ്പെടെയുള്ള ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു. 2021 ഡിസംബർ 8ന് തമിഴ്‌നാട്ടിലെ കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് 12 പ്രതിരോധ ഉദ്യോഗസ്ഥരും ഓർമയായി.
Discussion about this post