അജ്‌മേര്‍: ജനസംഖ്യാവര്‍ധന സന്തുലിതമാണെങ്കില്‍ അത് രാജ്യത്തിന് ആസ്തിയും ശക്തിയുമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പല രാജ്യങ്ങളും ജനസംഖ്യ വര്‍ധിക്കുന്നത് ഭാരമായാണ് കണക്കാക്കുന്നത്. എന്നാല്‍ അത് സന്തുലിതമാണെങ്കില്‍ രാജ്യത്തിന്‍റെ കരുത്തായി മാറും, അദ്ദേഹം പറഞ്ഞു. അജ്‌മേര്‍ ജവഹര്‍ തീയറ്ററില്‍ ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന പേരില്‍ നടന്ന പ്രബുദ്ധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പല രാജ്യങ്ങളെയും ഇല്ലാതാക്കി. ചൈന അതിന്‍റെ ജനസംഖ്യാ നയം മാറ്റി, കാരണം രാജ്യത്തിന് യുവശക്തി ആവശ്യമാണ്, അതുവഴി സംരംഭത്തിലൂടെ സധൈര്യം രാജ്യത്തിന് പുരോഗതിയുടെ പാതയില്‍ സഞ്ചരിക്കാനാകും.
ആദര്‍ശത്തിലും ആശയത്തിലും ഭാരതം സമഗ്രമായ സ്വാതന്ത്ര്യം നേടണം. രാഷ്ട്രീയ സ്വാതന്ത്ര്യമെന്നതിനപ്പുറത്ത് കൊളോണിയല്‍ ചിന്താഗതികളില്‍ നിന്നെല്ലാം മുക്തമായ, സ്വാഭിമാനികളായ ഭാരതീയ ജനസമൂഹം ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭരണസംവിധാനം, നീതിന്യായ വ്യവസ്ഥ, വിദ്യാഭ്യാസ സമ്പ്രദായം, സമ്പദ്രംഗം തുടങ്ങി സാമൂഹിക ജീവിതത്തിന്‍റെ എല്ലാ മേഖലയിലും സ്വദേശീയമായ ഭാവം ഉരുത്തിരിയണം. രാജ്യത്തെ ശരിയായ പാതയിലേക്ക് നയിക്കേണ്ടത് പ്രബുദ്ധരായ ജനങ്ങളുടെ കടമയാണ്. ആയിരം വര്‍ഷത്തെ അടിമത്തത്തില്‍ നിന്ന് ഈ നാടിനെ മോചിപ്പിച്ചത് എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങളുടെ ഒരുമിച്ചുള്ള പരിശ്രമമാണ്.
75 വര്‍ഷത്തിനിടയില്‍, സ്വതന്ത്ര ഇന്ത്യ ലോകത്ത് അഭിമാനകരമായ മുന്നേറ്റം സൃഷ്ടിച്ചു. ഇന്ന് ലോകം ഇന്ത്യയിലേക്ക് പ്രതീക്ഷയോടെ നോക്കുന്നു. ഇപ്പോള്‍ അമൃതോത്സവകാലമാണ്. ഇനിയുള്ള 25 വര്‍ഷം അമൃതകാലത്തിലേക്കുള്ള പ്രയാണമാണ്. ഇന്ത്യയെ മികച്ചതാക്കുക എന്നത് സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമല്ല, അതില്‍ ഓരോ പൗരനും നിര്‍വഹിക്കാനേറെയുണ്ട്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഡോ. സ്‌നേഹലത മിശ്ര പരിപാടിയില്‍ മുഖ്യാതിഥിയായി. പ്രാന്ത സംഘചാലക് ജഗദീഷ് റാണ, ബസന്ത് വിജയവര്‍ഗിയ, മഹാനഗര്‍ സംഘചാലക് ഖജുലാല്‍ ചൗഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post