റായ്പൂര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഛത്തീസ്ഗഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ സമീര്‍ വിഷ്ണോയിയെ ഇ ഡി അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കമുള്ള ഉന്നതര്‍ കല്‍ക്കരിനീക്കത്തിന് അനധികൃത ലെവിയിലൂടെ ദിവസം 2-3 കോടി രൂപ വരുമാനമുണ്ടാക്കുന്നുവെന്ന് ഇ ഡി കണ്ടെത്തി. കല്‍ക്കരി വ്യവസായ കമ്പനിയായ ഇന്ദ്രമണി ഗ്രൂപ്പിലെ ലക്ഷ്മികാന്ത് തിവാരി, സുനില്‍ കുമാര്‍ അഗര്‍വാള്‍ എന്നിവരെ വിഷ്ണോയിക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം റായ്ഗഡ് കളക്ടര്‍ റാണു സാഹു, അഴിമതിയിലെ സൂത്രധാരനെന്ന് കരുതുന്ന സൂര്യകാന്ത് തിവാരിയെന്നിവര്‍ ഒളിവിലായതായാണ് സംശയിക്കുന്നതെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തെരച്ചിലില്‍ ലക്ഷ്മികാന്ത് തിവാരിയുടെ പക്കല്‍നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തു. സമീര്‍ വിഷ്ണോയിയുടെയും ഭാര്യയുടെയും കൈവശം 47 ലക്ഷം രൂപയും കണക്കില്‍പ്പെടാത്ത പണവും നാല് കിലോ സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അഴിമതിപ്പണം ബിനാമി സ്വത്തുക്കളില്‍ നിക്ഷേപിക്കുന്നതിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നതിനും വേണ്ടി ഉപയോഗിച്ചതായി ഇ ഡി ആരോപിച്ചു.
ആദായനികുതി വകുപ്പിന്‍റെ എഫ്ഐആറിനെ അടിസ്ഥാനമാക്കിയാണ് ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ചത്. കണക്കില്‍പ്പെടാത്ത നാലരക്കോടി രൂപ, സ്വര്‍ണാഭരണങ്ങള്‍, രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഇതുവരെ പിടിച്ചെടുത്തു.
അതേസമയം കല്‍ക്കരി അഴിമതിക്കേസിലെ പ്രതികളെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേല്‍ രംഗത്തെത്തി. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു..
Discussion about this post