മുംബൈ: സംസ്‌കാര്‍ ഭാരതി ദേശീയ ജനറല്‍സെക്രട്ടറിയായിരുന്ന അമീര്‍ചന്ദിന്‍റെ ഒന്നാം ചരമവാര്‍ഷികത്തില്‍ അമരോത്സവം ഒരുക്കി നേഷന്‍ ഫസ്റ്റ് കളക്ടീവ്. എണ്‍പത്താറുകാരനായ വിഖ്യാത തര്‍പ്പ വാദകന്‍ ഭികല്യ ലഡ്ക്യ ദിന്‍ഡയ്ക്ക് പ്രഥമ അമീര്‍ചന്ദ് പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ സുഭാഷ് ഘായ് സമ്മാനിച്ചു. വനവാസി ഗോത്രകലകളിലെ കുലപതിയാണ് വാര്‍ലി ഗോത്രസമൂഹത്തില്‍ നിന്നുള്ള ഭികല്യ ദിന്‍ഡയെന്ന് സുഭാഷ് ഘായ് പറഞ്ഞു. കലയുടെ മുഖ്യധാരയിലേക്ക് നാടോടിത്തനിമകളെ എത്തിക്കുന്നതില്‍ ബദ്ധശ്രദ്ധനായ സംഘാടകനായിരുന്നു അമീര്‍ചന്ദെന്നും അദ്ദേഹത്തിന്‍റെ പേരിലുള്ള പുരസ്‌കാരം ദിന്‍ഡയ്ക്ക് നല്‍കുന്നത് ഉചിതമാണെന്നും സുഭാഷ് ഘായ് ചൂണ്ടിക്കാട്ടി.
അരുണാചലിലെ തവാങ്ങില്‍ അകാലത്തില്‍ അസ്തമിച്ച അമീര്‍ചന്ദിന്‍റെ ജീവിതം തന്നെ സാംസ്‌കാരികോത്സവമായിരുന്നുവെന്ന് അമരോത്സവത്തെ അഭിവാദ്യം ചെയ്ത സംസ്‌കാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി അഭിജിത് ഗോഖലെ പറഞ്ഞു. ദേശീയ ജീവിതത്തിന്‍റെ എല്ലാ മേഖലയിലും കലയെ പുനസ്ഥാപിക്കുകയായിരുന്നു അദ്ദേഹം. അനുശോചിക്കാനൊന്നുമില്ലാത്ത ജീവിതമായിരുന്നു അതെന്നും അമീര്‍ചന്ദിന്‍റെ അനുസ്മരണം ഒരുത്സവമാകുന്നത് അതുകൊണ്ടാണെന്നും അഭിജിത് ഗോഖലെ പറഞ്ഞു. കലയിലൂടെയും സംസ്‌കാരത്തിലൂടെയുമാണ് ഭാരതം വിശ്വഗുരുസ്ഥാനത്തെത്തുക എന്ന് ഉറച്ചുവിശ്വസിച്ച ഋഷിയായിരുന്നു അമീര്‍ചന്ദെന്ന് പ്രശസ്ത മറാത്തി സംവിധായകന്‍ രാജ്ദത്ത് അനുസ്മരിച്ചു. കലാകാരന്മാരുടെ സംയോജനത്തിനും ക്ഷേമത്തിനും മുന്‍കൈയെടുത്ത സംഘാടകനാണ് അമീര്‍ചന്ദെന്ന് നടനും എംപിയുമായ മനോജ് തിവാരി പറഞ്ഞു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടര്‍ വാമന്‍കേന്ദ്രേ എന്നിവര്‍ സംസാരിച്ചു.
ഗായകന്‍ സഞ്ജീവ് കോഹ്ലി, നര്‍ത്തകി രാജശ്രീ ഷിര്‍ക്കെ, പുരസ്‌കാര ജേതാവ് ഭികല്യ ലഡക്യദിന്‍ഡ എന്നിവരുടെ കലാപരിപാടികളും അവതരിപ്പിച്ചു.
പ്രിയദര്‍ശന്‍, അനുപം ഖേര്‍, വാസിഫുദ്ദീന്‍ ദാഗര്‍, സന്തൂര്‍ വാദകന്‍ അഭയ് സപോരി, അനുപ് ജലോട്ട, സംഗീത നാടക അക്കാദമി പ്രസിഡന്റ് ഡോ. സന്ധ്യ പുറേച്ച, പുല്ലാങ്കുഴല്‍ വാദകരായ ചേതന്‍ ജോഷി, വിചേന്ദ്ര സ്വരാജ് ചൗഹാന്‍, ഐജിഎന്‍സിഎ മെമ്പര്‍ സെക്രട്ടറി സച്ചിദാനന്ദ് ജോഷി, ഹരീഷ് ഭീമാനി, രാഹുല്‍ റവയില്‍, ഗാനരചയിതാവ് സമീര്‍ അഞ്ജാന്‍, സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍, അനന്ത് വിജയ് തുടങ്ങിയ പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു.
Discussion about this post