ന്യൂദല്‍ഹി: രാഷ്ട്രീയ സൗകര്യങ്ങള്‍ നോക്കി തീവ്രവാദികളെയും തീവ്രവാദത്തെയും തരംതിരിക്കരുതെന്നും എല്ലാതരം തീവ്രവാദത്തെയും അപലപിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്.
“തീവ്രവാദികളെ രാഷ്ട്രീയ സൗകര്യാര്‍ത്ഥം നല്ലതെന്നും ചീത്തയെന്നും തരം തിരിക്കുന്ന രീതി അടിയന്തരമായി അവസാനിപ്പിക്കണം.” – ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ അവതരിപ്പിച്ച കുറിപ്പില്‍ പറയുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതമോ, ദേശീയതയോ സംസ്കാരമോ വംശീതയോ ആയി ബന്ധപ്പെടുത്തി കാണരുത്. എല്ലാതരത്തിലുള്ള തീവ്രവാദലും ക്രിമിനല്‍കുറ്റമാണെന്നും എല്ലാത്തിനെയും അപലപിക്കണമെന്നും രുചിര കാംബോജ് അവതരിപ്പിച്ച കുറിപ്പ് ഊന്നിപ്പറയുന്നു. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദത്തിന് ഏതെങ്കിലും തരത്തിലുള്ള ന്യായീകരണം നല്‍കിക്കൂടെന്നും രുചിര കാംബോജ് സമര്‍ത്ഥിക്കുന്നു.
15 അംഗ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ ബുധനാഴ്ചയും വ്യാഴാഴ്ചയും വിദേശകാര്യമന്ത്രി ജയശങ്കറിന്‍റെ അധ്യക്ഷതയില്‍ തീവ്രവാദവിരുദ്ധതയെക്കുറിച്ചും പരിഷ്കരിച്ച ഉഭയകക്ഷിബന്ധങ്ങളെക്കുറിച്ചും പ്രത്യേകം യോഗം ചേരാനിരിക്കുകയാണ്. ഇതില്‍ ‘തീവ്രവാദ ആക്രമണം മൂലം അന്താരാഷ്ട്ര സൗഖ്യത്തിനും ആന്തരിക സമാധാനത്തിനുമുള്ള വെല്ലുവിളിക’ളെക്കുറിച്ചുള്ള വിഷത്തിന് താഴെ ‘ആഗോള തീവ്രവാദ വിരുദ്ധനീക്കങ്ങളോടുള്ള സമീപനം – തത്വങ്ങളും മുന്നോട്ട് പോക്കും’ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.
ഇതിന് മുന്നോടിയായാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കാംബോജ് തീവ്രവാദത്തെ സംബന്ധിച്ചുള്ള ഇന്ത്യയുടെ സങ്കല്‍പനങ്ങള്‍ അടങ്ങിയ കുറിപ്പ് യുഎസ് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസിന് കൈമാറിയത്. വിവിധ രാജ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ സഹായകരമാകും എന്ന നിലയിലാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post