ന്യൂദല്‍ഹി: മദ്യവില്‍പ്പന നയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസുകള്‍ക്ക് പുറത്ത് വന്‍ പ്രതിഷേധം സംഘടിപ്പിച്ചു. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ അനുബന്ധ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ പേര് കൂടി ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പ്രതിഷേധം.
എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് വ്യക്തികള്‍ക്കും ഏഴ് കമ്പനികള്‍ക്കുമെതിരായ അനുബന്ധ കുറ്റപത്രം വ്യാഴാഴ്ചയാണ് കോടതി സ്വീകരിച്ചത്. അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്ന് എഎപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം എക്‌സൈസ് നയം പിന്‍വലിച്ചിരുന്നു.
അനധികൃത മദ്യലൈസന്‍സ് ഇടപാടില്‍ കൈക്കലാക്കിയ 100 കോടി രൂപ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ആംആദ്മി പാര്‍ട്ടി ഉപയോഗിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തല്‍.
Discussion about this post