പാനിപ്പത്ത് (ഹരിയാന): സേവനവും സാധനയും ഗ്രാമജീവിതവുമാണ് ധര്‍മ്മാവിഷ്‌കാരത്തിന്‍റെ മാര്‍ഗങ്ങളെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ഇതിന്‍റെ ആധാരത്തില്‍ രാജ്യത്തിന്‍റെ പരമോന്നത മഹത്വം സ്ഥാപിക്കാന്‍ കഴിയും. ലോകം പ്രതീക്ഷയോടെയാണ് ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നത്. മുഴുവന്‍ മാനവരാശിയുടെ ക്ഷേമമുറപ്പാക്കുന്നതിന് ആര്‍എസ്എസ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീലങ്ക. ഉക്രൈന്‍, സിറിയ, തുര്‍ക്കി എന്നിവിടങ്ങളിലൊക്കെ ഹിന്ദു സ്വയംസേവക് സംഘ് പ്രവര്‍ത്തകര്‍ ജനസേവയില്‍ മുഴുകിയെന്നും അദ്ദേഹം പറഞ്ഞു. പട്ടികല്യണയില്‍ ശ്രീ മാധവ് ജനസേവ ന്യാസ് പുതുതായി നിര്‍മ്മിച്ച സേവാസാധന ഗ്രാമവികസന കേന്ദ്രത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
100 ഗ്രാമങ്ങള്‍ ദത്തെടുത്ത് സ്വാശ്രയ ഗ്രാമ വികസനം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജനസേവാന്യാസ് നൈപുണ്യ വികസന കേന്ദ്രം സ്ഥാപിക്കുന്നതിന് ശ്രീവിശ്വകര്‍മ കൗശല്‍ വിശ്വവിദ്യാലയവുമായി ധാരണാപത്രവും ഒപ്പുവച്ചു.
ഒരു ലക്ഷം കുടുംബങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഗ്രാമവികാസ യജ്ഞത്തില്‍ ജനസേവാന്യാസ് മുന്നേറുന്നതെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി. പദ്ധതി എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണ്. ഓരോ സ്വയംസേവകനും പദ്ധതിയുടെ പിന്നിലെ ചാലകശക്തിയാണ്, മുഴുവന്‍ സമൂഹത്തിന്‍റെയും ഊര്‍ജ്ജം അതില്‍ലുണ്ട്. സേവനപ്രവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇത്തരം പദ്ധതികളില്‍ ഇടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി തൊഴിലവസരങ്ങളും സ്വാശ്രയത്വവും സൃഷ്ടിക്കും. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആശയം നമ്മുടെ ധര്‍മ്മത്തിന്‍റെയും സംസ്‌കാരത്തിന്റെയും കാതലാണ്. സേവനം, സാധന, ഗ്രാമവികസന കേന്ദ്രം എന്നിവ ഈ ആശയവുമായി പ്രവര്‍ത്തിക്കും. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള ഹോസ്റ്റലുകളും ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കും.
ദാനധര്‍മ്മമാണ് നമ്മുടെ ധാര്‍മ്മികവികാരങ്ങളുടെ അടിസ്ഥാനമെന്ന് അധ്യക്ഷത വഹിച്ച ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അടിസ്ഥാനമന്ത്രം ഐക്യമാണ്. ഞാന്‍ ഭാരതത്തിലെ ഒരു ധാര്‍മ്മികാചാര്യനാകാം, എന്നാല്‍ ഒന്നാമതായി ഞാന്‍ ഒരു സ്വയംസേവകനാണ്. ലോകത്തിനാകെ ഇന്ത്യയെ ആവശ്യമുണ്ട്. കൊവിഡ് കാലത്ത് അത് പ്രകടമായി. ലോകം യോഗയും ആയുര്‍വേദവും അംഗീകരിക്കുന്നു. പാശ്ചാത്യര്‍ ലോകത്തെ കമ്പോളമായി കാണുമ്പോള്‍ നമ്മള്‍ കുടുംബമായാണ് കാണുന്നത്, അദ്ദേഹം പറഞ്ഞു.
Discussion about this post