പൂനെ: ആര്‍എസ്എസ് സേവാസംരംഭങ്ങളില്‍ പ്രമുഖമായ പൂനെ ജനകല്യാണ്‍ സമിതി അമ്പതാണ്ട് പൂര്‍ത്തിയാക്കുന്നു. ഏറ്റവും കുറഞ്ഞ ചെലവില്‍ ഡയാലിസിസ് അടക്കമുള്ളവ ചെയ്തുനല്‍കുന്ന സേവാഭവന്‍റെ സമര്‍പ്പണത്തോടെ സുവര്‍ണജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. നാലിന് നടക്കുന്ന ചടങ്ങില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സേവാഭവന്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് ജനകല്യാണ്‍ സേവാസമിതി സംസ്ഥാന അധ്യക്ഷന്‍ ഡോ.രവീന്ദ്ര സതാല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘സേവാഭവന്‍’ സമര്‍പ്പണ സമ്മേളനം നാലിന് വൈകിട്ട് ആറിന് നടക്കും കോതൃഡിലെ സ്വപ്‌നശില്‍പ്പ് സൊസൈറ്റിക്ക് സമീപമുള്ള ഗാന്ധി പുല്‍ത്തകിടിയില്‍ നടക്കുന്ന പരിപാടിയില്‍ ഡോ. മോഹന്‍ ഭഗവത് മുഖ്യപ്രഭാഷണം നടത്തും. ജന്‍ കല്യാണ്‍ സമിതിയുടെ 50 വര്‍ഷത്തെ യാത്രയെ അവലോകനം ചെയ്യുന്ന അഹര്‍നിശം സേവാമഹേ എന്ന പുസ്തകവും സര്‍സംഘചാലക് പ്രകാശനം ചെയ്യും.
പൂനെ കോത്രൂഡ്-പട്‌വര്‍ധന്‍ ബാഗ് സമുച്ചയത്തിലാണ് സേവാഭവന്‍ പൂര്‍ത്തിയാക്കിയത്. ജന്‍ കല്യാണ്‍ സേവാ ഫൗണ്ടേഷന്‍, ഡോ. ഹെഡ്ഗേവാര്‍ സ്മാരക സേവാനിധി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് സേവാഭവന്‍ പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിന്റെ ഒരു നിലയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കും. മറ്റ് മൂന്ന് നിലകളില്‍ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും മികച്ച താമസവും ഭക്ഷണവും കുറഞ്ഞ നിരക്കില്‍ ഒരുക്കും.
ഒരു നിലയില്‍ രോഗികള്‍ക്കും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ജന്‍ കല്യാണ്‍ സമിതിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്കുള്ള പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കും. ജന്‍ കല്യാണ്‍ സമിതിയുടെയും മറ്റ് സാമൂഹിക-സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഇവിടെ അത്യാധുനിക ഓഡിറ്റോറിയം നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഡോ. സതാല്‍ക്കര്‍ പറഞ്ഞു.
ജന്‍ കല്യാണ്‍ സേവാ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി.എ. മഹേഷ് ലെലെ, ഡോ. ഹെഡ്ഗേവാര്‍ സ്മാരക സേവാനിധി ട്രഷറര്‍ സി.എ. മാധവ് മേട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post