കർണാൽ: സമാജം ശക്തവും സ്വയം പര്യാപ്തവുമാകുമ്പോൾ മാത്രമേ സേവനം പൂർണത നേടി എന്ന് പറയാനാവുകയുള്ളൂ എന്നും സേവനം ഭാരതത്തിന്‍റെ ഡി എൻ എ യിലുള്ളതാണെന്നും ആർ എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത്. പ്രശ്നങ്ങളെ സമാജം സ്വയം മറികടക്കണം. അതിന് അനുഷ്ഠിക്കേണ്ട മതം സേവനമാണ്. അവനവന് വേണ്ടി മാത്രം ജീവിക്കുന്നതല്ല ജീവിതമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും എല്ലാവരുടെയും ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടിയുള്ള അന്തർലീനമാണ്. ഏത് സാഹചര്യത്തിലും, ജീവകാരുണ്യത്തിന്റെ അവിഭാജ്യ ഘടകമായി നമ്മൾ കണക്കാക്കുന്നത് സഹജഭാവത്തെയാണ്.
കർണാലിലെ ഇന്ദ്രി റോഡിലുള്ള ശ്രീ ആത്മ മനോഹർ ജെയിൻ ആരാധന മന്ദിറിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച മൾട്ടി സ്പെഷ്യാലിറ്റി ചാരിറ്റബിൾ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു സർ സംഘചാലക്. മഹാപ്രഭാവി ശ്രീ ഘണ്ടാകർണ മഹാവീർ ദേവതീർഥസ്ഥാന്‍റെ വാർഷിക സ്ഥാപന ഉത്സവത്തോടനുബന്ധിച്ചായിരുന്നു ഇത്.
സമാജത്തിന് സന്തോഷമില്ലെങ്കിൽ വ്യക്തിയോ സംഘടനകളോ സന്തോഷിച്ചിട്ടെന്ത് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. ഞാനെന്തെങ്കിലും പറയുന്നത് കൊണ്ട് മാറ്റമുണ്ടാകില്ല. വാക്കുകളുടെ പ്രഭാവം ക്ഷണികമാണ്. എന്നാലതിന് പിന്നിലെ തപസ്സും കർമ്മവും ചെയ്യുന്നതിനെ ഫലത്തിലേക്ക് നയിക്കും. അത് ചിരകാലം നിലനിൽക്കും.
ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ആവശ്യം എല്ലാവരും വിദ്യാഭ്യാസം നേടണം, എല്ലാവരും ആരോഗ്യമുള്ളവരാകണം എന്നതാണ്. ഏറ്റവും വലിയ ദാനം വിദ്യാ ദാനമാണെന്നും ഏറ്റവും വലിയ സേവനം ആരോഗ്യമാണെന്നും നമ്മുടെ പാരമ്പര്യത്തിൽ പറഞ്ഞിട്ടുണ്ട്. ഇത് രണ്ടും ഏറ്റവും കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് ലഭ്യമാക്കണം. അതിന് സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം സർസംഘചാലക് പറഞ്ഞു.
ബ്രിട്ടീഷുകാരുടെ വരവിനുമുമ്പ്, നമ്മുടെ രാജ്യത്തെ 70 മുതൽ 80 ശതമാനം ആളുകൾ സാക്ഷരരായിരുന്നു, തൊഴിലില്ലായ്മ നിസ്സാരമായിരുന്നു. ബ്രിട്ടീഷുകാർ ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കുകയും ഇവിടുത്തെ തനത് വിദ്യാഭ്യാസത്തെ നശിപ്പിക്കുകയും ചെയ്തു. ജാതി വേർതിരിവില്ല എന്നതായിരുന്നു നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രത്യേകത. മനുഷ്യന് സ്വന്തം ജീവിതം നയിക്കാൻ കഴിയുന്ന തരത്തിലുള്ള വിദ്യാഭ്യാസം നൽകി. വിദ്യാഭ്യാസം തൊഴിലിനു വേണ്ടി മാത്രമായിരുന്നില്ല, അറിവിന്റെ മാധ്യമം കൂടിയായിരുന്നു. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവും സമൂഹം വഹിച്ചത്. അവരിൽ നിന്ന് വളർന്നവരുടെ കരുത്ത് ലോകം മാനിച്ചു. ഗ്രാമം മുഴുവൻ പരസ്പരം കുട്ടികളുടെ വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും കുറിച്ച് ആശങ്കാകുലരായിരുന്നു. ഇപ്പോൾ ഈ പാരമ്പര്യം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാകുന്നു , അദ്ദേഹം ചൂണ്ടിക്കാട്ടി.
ദാനധർമ്മങ്ങളിലാണ് സന്തോഷം. ധനികന് മാത്രമല്ല ഒന്നുമില്ലാത്തവനും സേവിക്കാം. ഉള്ളത് സമൂഹം നൽകുന്നതാണ്. ലഭിക്കുന്നത് തിരിച്ചു നൽകുന്നത് കടമയാണ്. ധർമ്മം ആരാധനയല്ല, പ്രകൃതിയാണ്. മനുഷ്യനാകാൻ, മനുഷ്യത്വം ആവശ്യമാണ്. നമുക്ക് ശ്രമിക്കാം, ശ്രമം എത്രത്തോളം വിജയിച്ചു എന്നതിനെക്കുറിച്ച് വിഷമിക്കേണ്ട. മനുഷ്യനിൽ നിന്ന് ദൈവത്തിലേക്കുള്ള പൂർണത കൈവരിക്കുന്നതിന്റെ പേരാണ് സേവനം, മോഹൻ ഭാഗവത് പറഞ്ഞു.
ജൈന സംന്യാസി പിയൂഷ് മുനി മഹാരാജ്, ഓൾ ഇന്ത്യ ജെയിൻ കോൺഫറൻസ് ദേശീയ ജനറൽ സെക്രട്ടറി അതുൽ ജെയിൻ, ശ്രീ ആത്മ മനോഹർ ജെയിൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
Discussion about this post