ലണ്ടൻ: ഇംഗ്ലണ്ടിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച ഖാലിസ്ഥാൻ വാദികൾക്ക് മറുപടിയുമായി ഇന്ത്യ. ഹൈക്കമ്മീഷന് മുന്നിൽ കൂറ്റൻ പതാക സ്ഥാപിച്ചാണ് ആക്രമികൾക്ക് മറുപടി നൽകിയിരിക്കുന്നത്. സാധാരണയായി ഉയർത്താറുള്ള പതാകയുടെ ഇരുപത് ഇരട്ടി വലിപ്പമുള്ള പതാകയാണ് ഹൈക്കമ്മീഷന്‍റെ മുൻ വശത്ത് സ്ഥാപിച്ചത്. പതാകയുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ച് ദേശീയ പതാകയെ അവഹേളിച്ച സംഭവത്തിൽ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചിരുന്നു. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പരിസരത്ത് മതിയായ സുരക്ഷ ഒരുക്കാത്തത് തികച്ചും അപലപനീയമാണെന്ന് ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ വീഴ്ച അംഗീകരിക്കാൻ ആവില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.സംഭവത്തിൽ ഉടൻ തന്നെ നടപടികൾ സ്വീകരിക്കാനും ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഖാലിസ്ഥാൻ വാദികൾ കെട്ടിടത്തിൽ കയറുന്നതും ദേശീയ പതാക അഴിച്ചുമാറ്റുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ സർക്കാരിന്‍റെ നിസംഗത അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചു. വിഘടനവാദികളുടെയും തീവ്രവാദികളുടെയും നടപടികളിൽ സുരക്ഷാ അഭാവത്തിന് വിശദീകരണം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് അപലപിച്ചു
Discussion about this post