ഉജ്ജയിൻ : മധ്യപ്രദേശിൽ ഏപ്രിൽ ഒന്ന് മുതൽ പൊതുസ്ഥലത്ത് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. മദ്യപിക്കുന്നവർക്ക് വീട്ടിലിരുന്ന് മദ്യപിക്കാം. പൊതു സ്ഥലങ്ങളിൽ മദ്യപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സാംസ്കാരിക ദേശീയതയിൽ അധിഷ്ടിതമായ ഭരണത്തിനാണ് മധ്യപ്രദേശിൽ താൻ നേതൃത്വം നൽകുന്നതെന്നും ചൗഹാൻ പറഞ്ഞു. ഒരു മാസം നീണ്ടു നിന്ന വിക്രമോത്സവ് സമാപന സമ്മേളനം ക്ഷിപ്ര നദീ തീരത്ത് രാംഘട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനമ്പർക്കാറിന്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ബാലഗോകുലത്തിന് മുഖ്യമന്ത്രി നൽകി. ഭാരതീയ സംസ്കാരവും ധാർമ്മിക, സാമൂഹ്യ മൂല്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകുന്നത് പരിഗണിച്ചാണ് ബാലഗോകുലത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ബാലഗോകുലം മുൻ അദ്ധ്യക്ഷൻ കെ.പി.ബാബുരാജ്, നിർവ്വാഹക സമിതി അംഗം പി. ശ്രീകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. മധ്യപ്രദേശിൽ ഇനിമുതൽ പിൻതുടരുന്നത് വിക്രമാദിത്യ കലണ്ടർ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച ചൗഹാൻ പുതിയ കലണ്ടറും പ്രകാശനം ചെയ്തു. വിക്രമാദിത്യന്‍റെ കാലം മുതൽ പ്രിഥ്വിരാജ് ചൗഹാന്‍റെ കാലം വരെ ഭാരതത്തിൽ ഉപയോഗിച്ചിരുന്ന കലണ്ടർ ഇതായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉജ്ജയിനി സർവ്വകലാശാലയിൽ നടത്തിയ ഗവേഷണത്തിൽ വിക്രമാദിത്യൻ നൽകിയ സംഭാവനകളെക്കുറിച്ച് നിരവധി തെളിവുകൾ ശേഖരിക്കാനായിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
ഉജ്ജയിനിയെ സാംസ്കാരിക ടൂറിസത്തിന്‍റെ കേന്ദ്രമായി മാറ്റുന്നതിനുള്ള പ്രവർത്തികൾ അടുത്ത ജൂലായിൽ പൂർത്തിയാകുമെന്നും രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വമുള്ള സ്ഥലമായി ഉജ്ജയ്നിയെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: മോഹൻ യാദവ് അദ്ധ്യക്ഷം വഹിച്ചു. സാംസ്കാരിക മന്ത്രി ഉഷ ഠാക്കൂർ മുഖ്യാഥിതി ആയിരുന്നു. അനിൽ ഫിറോസിയ എം.പി., പരാസ് ജെയ്ൻ എം.എൽ.എ. , മേയർ മുകേഷ് തത്വാൾ, കോർപ്പറേഷൻ ചെയർമാൻ കലാവതി യാദവ്, തുടങ്ങിയവരും പങ്കെടുത്തു.
വേദവ്യാസ സമ്മാൻ ഡോ : ആർ.ബാലശങ്കറിനും , ഡൽഹി ആങ്കൂർ എഡ്യൂക്കേഷണൽ ആൾട്ടർ നേറ്റീവ് സൊസൈറ്റിക്കും മുഖ്യമന്ത്രി സമ്മാനിച്ചു. വിക്രമാദിത്യന്‍റെ പ്രാധാന്യം ആഗോളത്തിൽ അറിയിക്കുന്നതിനും അംഗീകരിക്കപ്പെടുന്നതിനും വേണ്ടിയാണ് സംസ്ഥാന സർക്കാർ ഈ വർഷം വിക്രം ഉത്സവ് എന്ന പേരിൽ പരിപാടി ആവിഷ്കരിച്ചത്. ശിവരാത്രി നാളിൽ തുടങ്ങി വർഷ പ്രതിപദ ദിനത്തിൽ സമാപിക്കുന്ന തരത്തിൽ സംഘടിപ്പിച്ച വിക്രമോത്സവത്തിൽ ഭാരതത്തിന്‍റെ മഹത്വം, രാജ്യത്തിന്‍റെ മഹത്തായ സാംസ്കാരിക ബോധം എന്നിവ അടിസ്ഥാനമാക്കി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
Discussion about this post