താനെ: മീ സവര്‍ക്കര്‍(ഞാന്‍ സവര്‍ക്കര്‍) മുദ്രാവാക്യവുമായി ആയിരങ്ങള്‍. കാവിക്കൊടികളേന്തി തലപ്പാവ് അണിഞ്ഞ് വീര സവര്‍ക്കര്‍ അഭിമാനമെന്ന് മുദ്രാവാക്യം. എല്ലാ പ്രധാനകേന്ദ്രങ്ങളിലും വീരസവര്‍ക്കറിന്‍റെ കൂറ്റന്‍ കട്ടൗട്ടുകള്‍… മഹാരാഷ്ട്രയില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രയ്ക്ക് തുടക്കമായി. സ്വാതന്ത്ര്യസമരനായകനായ വീര സവര്‍ക്കെതിരെ കോണ്‍ഗ്രസ് തുടരുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേരിട്ട് നേതൃത്വം നല്കുന്ന സവര്‍ക്കര്‍ ഗൗരവ് യാത്രയാണ് താനെയില്‍ ആരംഭിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ സവര്‍ക്കര്‍ ഗൗരവ് യാത്രകള്‍ സംഘടിപ്പിക്കുമെന്ന് നേരത്തെ ബിജെപിയും ശിവസേനയും പ്രഖ്യാപിച്ചിരുന്നു.
താനെ നഗരത്തിലെ രാംഗണേശ് ഗഡ്കരി രംഗായതന്‍ ആഡിറ്റോറിയത്തില്‍ സവര്‍ക്കറിന്‍റെ സ്മരണകള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് യാത്ര ആരംഭിച്ചത്. യാത്രയില്‍ വീരസവര്‍ക്കറിന്റെ നിശ്ചലദൃശ്യവുമുണ്ട്. താനെ നഗരത്തോട് ചേര്‍ന്നുള്ള നാല് നിയമസഭാമണ്ഡലങ്ങളില്‍ നിന്നുള്ള ജനങ്ങളാണ് ആദ്യയാത്രയില്‍ അണിചേരുന്നത്. വീര സവര്‍ക്കറിന്റെ ചിത്രം ആലേഖനം ചെയ്ത നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും യാത്രയുടെ ഭാഗമാണ്.
ബിജെപി നേതാവ് ഡോ. വിനയ് സഹസ്രബുദ്ധെ, താനെ എംഎല്‍എ സഞ്ജയ് കേള്‍ക്കര്‍, ബിജെപി താനെ ജില്ലാ പ്രസിഡന്‍റെ എംഎല്‍സിയുമായ നിരഞ്ജന്‍ ദേവ്കരെ, മുന്‍ താനെ മേയര്‍ നരേശ് മാസ്‌കെ, ശിവസേന എംഎല്‍എ പ്രതാപ് സര്‍നയിക് തുടങ്ങിയവര്‍ യാത്രയുടെ മുന്‍ നിരയില്‍ അണിനിരന്നു.
Discussion about this post