ജോധ്പൂര്‍: ഭാരതത്തിന്‍റെ തനിമയെ ആണ് ലോകം ഹിന്ദുത്വം എന്ന് വിളിച്ചതെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. അത് ഇസമോ വാദമോ അല്ല. തത്വമാണ്, ആദര്‍ശമാണ്. സ്വതന്ത്രവും ബൗദ്ധികവും പുരോഗമനപരവുമായ സമീപനത്തിലൂടെ ഭാരതം ലോക വേദിയില്‍ ഈ സാംസ്‌കാരിക സ്വത്വത്തെ അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശ്വ സംവാദ കേന്ദ്രം ജോധ്പൂര്‍ ലളിത ഉദ്യോഗ് ഭാരതി കോംപ്ലക്സില്‍ സംഘടിപ്പിച്ച സണ്‍സിറ്റി കോളം റൈറ്റേഴ്സ് ആന്‍ഡ് സ്‌കോളേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സഹ സര്‍കാര്യവാഹ്.
ഭാരതീയ സംസ്‌കൃതി വിശുദ്ധമായ ഗംഗാപ്രവാഹമാണ്. കരുണയും സഹിഷ്ണുതയും ആദ്ധ്യാത്മിക ജനാധിപത്യവുമാണ് ഭാരതത്തിന്‍റെ അടിസ്ഥാനം. ഇത് ആരിലെങ്കിലും അടിച്ചേല്‍പ്പിക്കുന്ന ഇസമോ വാദമോ അല്ല. ജീവിത ദര്‍ശനമാണ്. ഭാരതത്തിന് ദേശീയത എന്നത് ഗുണപരമാണ്, നമ്മുടെ രാഷ്ട്ര സങ്കല്‍പ്പം സമാജത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
എന്നാല്‍ ഈ അടിസ്ഥാന തത്ത്വചിന്തയെപ്പറ്റി ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാര്‍ ദുരുദ്ദേശ്യത്തോടെ ശ്രമിച്ചിട്ടുണ്ടെന്ന് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. വൈവിധ്യങ്ങള്‍ ഈ സംസ്‌കാരത്തിന്‍റെ സവിശേഷതയാണ്. ജാതിവ്യവസ്ഥ ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ ജാതി വിവേചനത്തിന് ശാസ്ത്രീയമായ ഒരു അടിത്തറയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയില്‍ ജോധ്പൂര്‍ സഹപ്രാന്ത പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ പുരോഹിത് ആമുഖം അവതരിപ്പിച്ചു. ക്ഷേത്ര പ്രചാര്‍ പ്രമുഖ് മനോജ് ജി, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഗോപാല്‍ ശര്‍മ, രാജസ്ഥാന്‍ സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് ആര്‍ട്സ് ഡീന്‍ പ്രൊഫ.നന്ദകിഷോര്‍ പാണ്ഡെ, ആര്‍എസ്എസ് ക്ഷേത്ര കാര്യവാഹ് ജസ്വന്ത് ഖേത്രി, പ്രാന്ത സംഘചാലക് ഹര്‍ദയാല്‍ വര്‍മ എന്നിവര്‍ പങ്കെടുത്തു.
Discussion about this post